/kalakaumudi/media/media_files/2025/12/27/udf-2025-12-27-23-48-48.jpg)
തൃക്കാക്കര : എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.ജി. രാധാകൃഷ്ണൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനം എസ്.സി സംവരണമായതിനാൽ മറ്റാരും ഈ വിഭാഗത്തിൽ മത്സരിക്കാൻ ഉണ്ടായിരുന്നില്ല. പാമ്പാക്കുട ഡിവിഷനിൽ നിന്നുള്ള കോൺഗ്രസ് അംഗമാണ് രാധാകൃഷ്ണൻ. ഇന്നലെ രാവിലെ പത്തരയ്ക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വരണാധികാരിയായ കളക്ടർ ജി. പ്രിയങ്കയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ആലങ്ങാട് ഡിവിഷനിൽ നിന്നുള്ള അംഗമായ സിന്റാ ജേക്കബ് വൈസ് പ്രസിഡന്റായി അധികാരമേറ്റു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സത്യവാചകം ചൊല്ലികൊടുത്തു. കടമക്കുടി ഡിവിഷനിൽ നിന്നുള്ള മേരി വിൻസെന്റായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. 28 അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തു. 25 വോട്ട് സിന്റാ ജേക്കബും 3 വോട്ട് മേരി വിൻസെന്റും സ്വന്തമാക്കി.
കാലത്തിനനുസരിച്ചുള്ള നൂതന പദ്ധതികൾ നടപ്പാക്കുന്നതിന് ഊന്നൽ നൽകുമെന്ന് ചുമതലയേറ്റ ശേഷം രാധാകൃഷ്ണൻ പറഞ്ഞു. മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിയായ രാധാകൃഷ്ണൻ സാധാരണ കർഷകത്തൊഴിലാളി കുടുംബത്തിലാണ് ജനിച്ചു വളർന്നത്. സസ്യശാസ്ത്രത്തിൽ ബിരുദധാരിയാണ് 47കാരൻ. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെ.കെ. ഗോവിന്ദൻ, പരേതയായ ലീല എന്നിവരാണ് മാതാപിതാക്കൾ. വാരപ്പെട്ടി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ അദ്ധ്യാപികയായ പ്രിയയാണ് ഭാര്യ. കെ.ആർ ദേവനന്ദ, ഗൗതം കൃഷ്ണ എന്നിവർ മക്കളാണ്.
ഒത്തൊരുമയോടെ ജില്ലയ്‌ക്ക് അഭിമാനകരമായ രീതിയിൽ പ്രവർത്തിക്കുമെന്ന് ചുമതലയേറ്റ ശേഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റായ എൽസി ജോർജിന്റെ പത്രിക തള്ളിയതടക്കം ശ്രദ്ധേയമായിരുന്നു ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പ്.
ആകെയുള്ള 28 ൽ 25 ഡിവിഷനുകളും പിടിച്ചെടുത്താണ് യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്തിയത്. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം ഷെഫീഖ് എന്നിവർ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
