കൊച്ചി: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തിൽ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ്. എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക. സെപ്റ്റംബർ നാല്, ആറ് തീയതികളിൽ എറണാകുളത്ത് നിന്ന് അഞ്ച്, ഏഴ് തീയതികളിൽ യെലഹങ്കയിൽ നിന്ന് തിരികെയും സർവീസ് നടത്തും. ബുക്കിങ് ആരംഭിച്ചു.
ഉച്ചയ്ക്ക് 12.40 തിന് എറണാകുളം ജങ്ഷനിൽ നിന്നും പുറപ്പെടുന്ന എറണാകുളം-യെലഹങ്ക ജങ്ഷൻ സ്പെഷ്യൽ ട്രെയിൻ (06101) തൃശൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ അടക്കമുള്ള സ്റ്റേഷൻ കടന്ന് രാത്രി 11 മണിയോടെ യെലഹൻങ്കയിലെത്തും. പുലർച്ചെ പുലർച്ചെ അഞ്ച് മണിക്കാണ് യെലഹങ്കയിൽ നിന്നുള്ള സർവീസ് ആരംഭിക്കുക. ഇത് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. 13 ഗരീബ്റത്ത് കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാവുക. എറണാകുളത്ത് നിന്നാരംഭിക്കുന്ന സർവീസിന് തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, യെലഹങ്ക ജംഗ്ഷൻ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.
ഒരു മാസത്തെ സർവീസിന് ശേഷമാണ് എറണാകുളം– ബെംഗളൂരു വന്ദേഭാരത് സ്പെഷൽ സർവീസ് നിർത്തലാക്കിയത്. ജൂലൈ 31 ന് ആരംഭിച്ച സർവീസ് ഓഗസ്റ്റ് 26 നാണ് അവസാന സർവീസ് നടത്തിയത്.