/kalakaumudi/media/media_files/2025/07/30/stray-2025-07-30-22-34-19.jpg)
കൊച്ചി: ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ആനിമല്‍ ഹസ്ബന്‍ഡറി പ്രാക്ടീസസ് ആന്‍ഡ് പ്രൊസീജേര്‍സ് റൂള്‍സ് സെക്ഷന്‍ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധം തടഞ്ഞത്. സുപ്രീം കോടതി, ഹൈക്കോടതി മുന്‍ ഉത്തരവുകളുടെയും എബിസി നിയമത്തിന്റെയും അടിസ്ഥാനത്തില്‍ ദയാവധം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് സി.എസ്.ഡയസ് വ്യക്തമാക്കി.
തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് ഈ മാസം പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കാമെന്ന തീരുമാനമുണ്ടായത്. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി രോഗം വന്നതോ, രോഗം പരത്താന്‍ സാധ്യതയുള്ളതോ ആയ നായകളെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തുന്ന മൃഗങ്ങള്‍, ഗുരുതരമായി പരുക്കേല്‍ക്കുകയോ ജീവിക്കാന്‍ സാധ്യതയില്ലെന്ന് വെറ്ററിനറി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന മൃഗങ്ങള്‍ എന്നിവയെ ദയാവധം നടത്താം എന്നായിരുന്നു തീരുമാനം.
എന്നാല്‍ 2023ലെ എബിസി നിയമത്തില്‍ പറഞ്ഞിരിക്കുന്നത് പേവിഷബാധയുണ്ടെന്ന് കണ്ടാല്‍ നായകള്‍ക്ക് സ്വാഭാവികമായി ജീവന്‍ നഷ്ടമാകുന്നതു വരെ ഏകാന്തമായി പാര്‍പ്പിക്കണം എന്നാണ്. സാധാരണ ഗതിയില്‍ 10 ദിവസങ്ങള്‍ കൊണ്ട് അവയ്ക്ക് ജീവന്‍ നഷ്ടപ്പെടും. ഇക്കാര്യവും ഇതു സംബന്ധിച്ച കോടതിയുടെ മുന്‍ ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ദയാവധം തടഞ്ഞത്.
തെരുവുനായകളുടെ കടിയേറ്റവര്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച കമ്മിറ്റി കോടതി അംഗീകരിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, തദ്ദേശ വകുപ്പ് ജോയിന്റെ സെക്രട്ടറി എന്നിവര്‍ ചേര്‍ന്നതാണ് സമിതി. ഈ സമിതി നിലവില്‍ വരുന്നതു വരെ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി പ്രവര്‍ത്തിക്കും.
സര്‍ക്കാരുമായി ആലോചിച്ച് 14 ജില്ലകളിലും ഒരു മാസത്തിനുള്ളില്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറി മുന്‍കൈയെടുക്കണം. തെരുവുനായകളുടെ കടിയേറ്റവര്‍ക്ക് ജില്ലാ, താലൂക്ക് സമിതികള്‍ മുഖേനെ നേരിട്ടോ ഓണ്‍ലൈനായോ നഷ്ടപരിഹാരത്തിനായുള്ള പരാതികള്‍ സമരപ്പിക്കാം. ഇതിന് ലീഗല്‍ സര്‍വീസ് അതോറിറ്റി ആവശ്യമായ സഹായം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
തെരുവുനായകള്‍ ഉയര്‍ത്തുന്ന ഭീഷണി മറികടക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വിധത്തില്‍ എബിസി നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എബിസി നിയമത്തിലെ പല ചട്ടങ്ങളും കര്‍ശനമായിരിക്കുമ്പോള്‍ തന്നെ അവ നടപ്പാക്കുക പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.