ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി കൂട്ടി സംസ്ഥാന സര്‍ക്കാര്‍. 15 ലക്ഷം രൂപ വില വരുന്ന ഇ.വികളുടെ വിലയില്‍ ചുരുങ്ങിയത് അരലക്ഷം രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. അതായത് 15 ലക്ഷം രൂപ വിലയുള്ള ഒരു വാഹനത്തിന് നിലവില്‍ 15 വര്‍ഷത്തെ നികുതിയായി വാഹന വിലയുടെ അഞ്ച് ശതമാനമാണ് ഈടാക്കിയിരുന്നത് (ഏകദേശം 75,000 രൂപ). ഇത് 8 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുന്നതോടെ നികുതി 1,20,000 രൂപയായി വര്‍ധിക്കും. ഇത് വാഹന വിലയിലും പ്രതിഫലിക്കും.കോണ്‍ട്രാക്ട്-സ്റ്റേജ് ക്യാരിയറുകളുടെ നികുതിയും ഏകീകരിച്ചിട്ടുണ്ട്. വാഹന നികുതി പരിഷ്‌കാരത്തിലൂടെ സര്‍ക്കാരിന് 101 കോടിയുടെ അധിക വരുമാനമുണ്ടാകും. സ്റ്റേജ് ക്യാരിയറുടെ നികുതി കുറച്ചതിലൂടെ 9 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുന്നതിനാല്‍ ഫലത്തില്‍ 92 കോടിയാണ് സര്‍ക്കാരിന് അധികം ലഭിക്കുക.സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വില വര്‍ധിക്കും. നിലവില്‍ ഈടാക്കിയിരുന്ന 5 ശതമാനം നികുതി, വാഹന വിലയുടെ അടിസ്ഥാനത്തില്‍ ക്രമീകരിച്ചതോടെയാണിത്. ഇതിലൂടെ 30 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ വിശദീകരണം.
ഇവി നികുതി ഇങ്ങനെ
15 ലക്ഷം രൂപക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 8 ശതമാനം
20 ലക്ഷം രൂപക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 ശതമാനം
ബാറ്ററി വാടകക്ക് എടുത്ത് ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹന വിലയുടെ 10 ശതമാനം