തിരുവനന്തപുരം :ബാലരാമപുരത്ത് 2 വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞു കൊന്ന കേസില്‍ കുഞ്ഞിന്റെ അമ്മാവന്‍ ഹരികുമാര്‍ കുറ്റമേറ്റിട്ടും ദുരൂഹതകള്‍ ഒഴിയുന്നില്ല. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് അവശേഷിക്കുന്നത്. അന്വേഷണം പുരോഗമിക്കുന്നതനുസരിച്ച് ദുരൂഹതകള്‍ ഏറുകയാണ്. പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യം കേസിനെ വഴിമുട്ടിക്കുന്നുണ്ട്.അയാള്‍ എന്തിന് ഇത് ചെയ്തു? ഈ ചോദ്യത്തിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.കുട്ടി ജനിച്ച ശേഷം സഹോദരിക്ക് തന്നോടുള്ള പരിഗണന കുറഞ്ഞതാണ് കുഞ്ഞിനെ കൊല്ലാൻ കാരണമായി ഹരികുമാര്‍ പറയുന്നത്. എന്നാല്‍, ഇയാള്‍ പലപ്പോഴായി മൊഴിമാറ്റി പറഞ്ഞുകൊണ്ട് അന്വേഷണത്തോട് നിസഹകരിക്കുകയാണ്.
കുട്ടിയുടെ അമ്മയായ ശ്രീതുവിന്റെ മൊഴിയും പുറത്തുവന്നു. കുട്ടിയെ കൊലപ്പെടുത്തിയ സഹോദരന്‍ തനിക്ക് മൂത്ത മകനെ പോലെയായിരുന്നെന്ന് അമ്മ ശ്രീതു പോലീസിനോട് പറഞ്ഞു. പൊതുവെ ആരോടും സംസാരിക്കാത്ത ഹരികുമാറിന് അധികം സുഹൃത്തുക്കളില്ലായിരുന്നു. അതുകൊണ്ട് തന്നെ അയാള്‍ കൂടുതലും വീട്ടില്‍ തന്നെയായിരുന്നു.
മക്കള്‍ ജനിച്ചതിനു ശേഷവും മക്കളോടുള്ളതിനേക്കാള്‍ സ്‌നേഹത്തിലാണ് അനുജനായ ഹരി കുമാറിനെ നോക്കിയതെന്നാണ് ശ്രീതു പറയുന്നത്. കുട്ടി ജനിച്ച ശേഷം സഹോദരിക്ക് തന്നോടുള്ള പരിഗണന കുറഞ്ഞതാണ് കുട്ടിയെക്കൊല്ലാനാനുള്ള കാരണമെന്ന് ഹരികുമാര്‍ തുടക്കത്തില്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പലപ്പോഴായി ഇയാള്‍ മൊഴി മാറ്റി പറയുന്നുണ്ട്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇയാളുടെ ഒരു സുഹൃത്ത് അത് നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഹരികുമാറിനെ കൊണ്ട് കുറ്റം ചെയ്യിച്ചത് സഹോദരിയാണെന്ന ആരോപണമാണ് പ്രതിയുടെ സുഹൃത്ത് ഉന്നയിച്ചിരുന്നത്.
ഇതിനിടയില്‍ ശ്രീതുവിനെതിരെ സാമ്പത്തിക തട്ടിപ്പില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെന്നാണ് ശ്രീതുവിനെതിരെയുള്ള പരാതി. 7 പേരുടെ പരാതിയിന്മേല്‍ ശ്രീതുവിനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തിയാണ് ശ്രീതു പണം തട്ടിയത്. ദേവസ്വം ബോര്‍ഡില്‍ കരാര്‍ അടിസ്ഥാനത്തില്‍ പോലും ശ്രീതു ജോലി ചെയ്തിട്ടില്ല.
ശ്രീതുവിന്റെ സാമ്പത്തിക തട്ടിപ്പിന് പുറത്തുനിന്ന് സഹായം ലഭിച്ചെന്ന വിവരവും പുറത്തുവരുന്നു. ദേവസ്വം ബോര്‍ഡില്‍ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കാന്‍ പുറത്തുനിന്ന് സഹായം ലഭിച്ചതായി ശ്രീതു തന്നെയാണ് മൊഴി നല്‍കിയത്.തട്ടിപ്പിന് സഹായിച്ചവരുടെ വിവരങ്ങളും ശ്രീതു പൊലീസിന് നല്‍കിയിട്ടുണ്ട്. പത്തുപേരാണ് നിയമനത്തട്ടിപ്പില്‍ ശ്രീതുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ശ്രീതുവിനെതിരെ അവരുടെ ഭര്‍ത്താവും വീട്ടുകാരും നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കുട്ടിയുടെ മരണത്തില്‍ ശ്രീതുവിന് പങ്കുണ്ടെന്ന് തന്നെയാണ് അവര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കരിക്കകം സ്വദേശിയായ പൂജാരി ശംഖുമുഖം ദേവീദാസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ തന്നില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നായിരുന്നു ശ്രീതുവിന്റെ പരാതി. പ്രതിയായ ഹരികുമാര്‍ അന്വേഷണത്തിനോട് സഹകരിക്കാത്തതിനാല്‍, സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും സൈബര്‍ തെളിവുകളും ശേഖരിച്ച് കേസ് തെളിയിക്കാനുള്ള വഴികള്‍ അന്വേഷിക്കുകയാണ് പോലീസ്. നിലവില്‍ ഇവരുടെ ബന്ധുക്കളുടെ മൊഴി പോലീസ് ശേഖരിച്ചിട്ടില്ല.
ഹരികുമാറിന്റെയും ശ്രീതുവിന്റെയും സ്വഭാവം നിഗൂഢതയുള്ളതാണ് ലഭിക്കുന്ന വിവരം. ഇവരുടെ വാട്‌സ്ആപ് ചാറ്റുകള്‍ തെളിയിക്കുന്നതും അതുതന്നെയാണ്.
കുട്ടി ജനിച്ച ശേഷമാണ് വീട്ടില്‍ സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ധിച്ചതെന്ന് ജ്യോല്‍സ്യന്‍ പറഞ്ഞിരുന്നുവെന്ന് ശ്രീതു മൊഴിനല്കിയെന്ന വിവരം പുറത്തുവരുന്നുണ്ട്. അതിന്റെ പ്രതിവിധിയായിട്ടാണ് കുട്ടിയുടെ തല മൊട്ടയടിച്ചതെന്നും പറയുന്നു. വീണ്ടും അന്വേഷണം ദേവീദാസന്‍ എന്ന ജ്യോല്‍സ്യനിലേക്ക് തിരിയുന്നുണ്ട്. ശ്രീതുവിനും സഹോദരന്‍ ഹരികുമാറിനും ആഭിചാരകര്‍മ്മങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ടെന്നുള്ള തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അത്തരത്തില്‍ എന്തെങ്കിലും ഇടപെടലുകള്‍ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷിച്ചു ചെല്ലും തോറും കൂടുതല്‍ കള്ളത്തരങ്ങളും ദുരൂഹതകളും കൊണ്ട് കേസ് കൂടുതല്‍ സങ്കീര്‍ണമാകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. നിലവില്‍ കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടേത്താനുള്ള പരിശ്രമത്തിലാണ് പോലീസ്.