മലപ്പുറം: എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ. പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച അൻവർ, എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി. എംഎൽഎ എന്ന മൂന്ന് അക്ഷരം ജനങ്ങൾ തന്നതാണ്. പാർട്ടി പറഞ്ഞാലും എംഎൽഎ സ്ഥാനം രാജിവക്കില്ലെന്ന് അൻവർ അറിയിച്ചു.
വിവാദങ്ങൾക്കിടെ പുതിയ പാർട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പിവി അൻവറിൻറെ വാർത്താസമ്മേളനം. ഞായറാഴ്ച നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്നും അടുത്ത നീക്കം ജനങ്ങളെ അറിയിക്കുമെന്നും അൻവർ പറഞ്ഞു. എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അൻവർ നിലപാട് വ്യക്തമാക്കിയത്. പാർട്ടി പ്രവർത്തകരിലും കോടതിയിലുമാണ് ഇനി വിശ്വാസമുള്ളത്. പാർട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും അൻവർ ആവർത്തിച്ചു.