പൊലീസുകാര്‍ക്കു പോലും അഫാന്‍ അമ്പരപ്പായി; സ്വബോധത്തോടെയാണ് അഫാന്‍ അതിക്രൂരമായി അഞ്ചു പേരെയും കൊലപ്പെടുത്തിയത്

വെഞ്ഞാറമൂട്ടില്‍ അഞ്ചു പേരെ അതും ഉറ്റവരെ അതിക്രൂരമായി കൊലപ്പെടുത്തിയ 23കാരന്‍ അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതുതന്നെയാണ് ഈ കേസില്‍ അമ്പരപ്പും ഞെട്ടലും പിന്നെ ആശങ്കയും ഉണ്ടാക്കുന്നതും

author-image
Rajesh T L
New Update
LL

തിരുവനന്തപുരം  :  വെഞ്ഞാറമൂട്ടില്‍ അഞ്ചു പേരെ അതും  ഉറ്റവരെ അതിക്രൂരമായി കൊലപ്പെടുത്തിയ 23കാരന്‍ അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്നാണ്  വിദഗ്ധര്‍ പറയുന്നത്. അതുതന്നെയാണ് ഈ കേസില്‍ അമ്പരപ്പും ഞെട്ടലും പിന്നെ ആശങ്കയും ഉണ്ടാക്കുന്നതും.താളം തെറ്റിയ മനസ്സല്ല അഫാനെ ഈ ക്രൂര കൃത്യം ചെയ്യിപ്പിച്ചത്. 

സ്വബോധത്തോടെ തന്നെയാണ് അഫാന്‍ അതിക്രൂരമായി അഞ്ചു പേരെയും കൊലപ്പെടുത്തിയത്. അതു മാത്രമല്ല, കുറ്റബോധം എന്നൊരു വികാരമുണ്ട്. അത് ലവലേശം അഫാനില്ല. അതായത് ചെയ്ത കുറ്റകൃത്യങ്ങളില്‍ ഒട്ടും പശ്ചാത്താപം അഫാനില്ല. ഭയക്കണം നമ്മള്‍ ഈ നാട്ടില്‍, ഈ ലോകത്ത് ജീവിക്കാന്‍. 

പൊലീസുകാര്‍ക്കു പോലും അഫാന്‍ അമ്പരപ്പായി മാറുകയാണ്. കഴിഞ്ഞ ദിവസം അഫാന്‍ ഭക്ഷണം കഴിക്കാന്‍ താല്‍പര്യം കാണിച്ചില്ല. ഊണു കഴിക്കാന്‍ മീന്‍ കറിയില്ലേ എന്നായിരുന്നു പൊലീസുകാരോട് അഫാന്റെ ഞെട്ടിപ്പിക്കുന്ന ചോദ്യം.വൈകിട്ട് പാങ്ങോട് സ്‌റ്റേഷനില്‍ എത്തിയപ്പോഴും അഫാന്‍ ഭക്ഷണം കഴിച്ചില്ല. പൊലീസ് കാരണം തിരക്കി.വൈകിട്ട് പൊറോട്ടയും ചിക്കനും മാത്രമാണ് കഴിക്കുന്നതെന്നും മറ്റു ഭക്ഷണങ്ങള്‍ കഴിക്കാന്‍ പറ്റില്ലെന്നും അഫാന്‍ പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ് അഫാന് ഇഷ്ടഭക്ഷണം വാങ്ങിനല്‍കി. 

രാത്രിയില്‍ സെല്ലില്‍ കിടക്കാന്‍ പേപ്പറുകളാണ് നല്‍കിയത്.ഇതില്‍ കഴിഞ്ഞ ദിവസത്തെ പത്രവും ഉണ്ടായിരുന്നു. അഫാന്‍ ആ പത്രം മുഴുവന്‍ വായിച്ചു. തനിക്ക് വെറും തറയില്‍ കിടക്കാന്‍ കഴിയില്ലെന്നും അഫാന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് പായ നല്‍കി.പൊലീസ് അഫാനെ കൊലപാതകം നടന്ന വീടുകളിലെത്തിച്ചു തെളിവെടുത്തു. പാങ്ങോട് സല്‍മാ ബീവിയുടെ വീട്ടിലും അഫാന്റെ വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലും എത്തിച്ചാണ് പൊലീസ് തെളിവെടുപ്പു നടത്തിയത്. സല്‍മാ ബീവിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തുമ്പോള്‍ യാതൊരു ഭാവഭേദമോ കുറ്റബോധമോ ഇല്ലാതെയാണ് അഫാന്‍ പൊലീസ് ഉദ്യോഗസ്ഥരോടു കാര്യങ്ങള്‍ വിശദീകരിച്ചത്. മാല ആവശ്യപ്പെട്ടു.ഉമ്മുമ്മ സല്‍മാബീവി മാല നല്‍കിയില്ല.ഇതില്‍ പ്രകോപിതനായി ഉമ്മുമ്മയെ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം അഫാന്‍ നല്‍കിയ മൊഴി ഇങ്ങനെയാണ്. ഉമ്മുമ്മയെ കൊലപ്പെടുത്തിയ അഫാന്‍ മാലയും എടുത്തിട്ട് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ എത്തി. മാല പണയം വച്ച ശേഷം തനിക്കുണ്ടായിരുന്ന ചില കടങ്ങള്‍ വീട്ടുകയും ചെയ്തു.

പാങ്ങോട്ടെ തെളിവെടുപ്പിനു ശേഷം കൊലപാതകം നടന്ന വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലെത്തിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ വച്ചാണ് സഹോദരന്‍ അഫ്‌സാനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയതും,മാതാവ് ഷെമിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും.ഇവിടെയും അഫാന്‍ കൂളായിരുന്നു. ഭയത്തിന്റെയോ കുറ്റബോധത്തിന്റെയോ കണിക പോലും ഉണ്ടായില്ല. 

കുടുംബത്തിന് 70 ലക്ഷത്തിന്റെ കട ബാധ്യത ഉണ്ടെന്ന അഫാന്റെ മൊഴി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഫാന്റെയും ഉമ്മ ഷെമിയുടെയും മൊബൈലില്‍ നിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് ശേഖരിച്ചത്.ഷെമി ചിട്ടി നടത്തിയിരുന്നു.ഇതും സാമ്പത്തിക ബാധ്യത ഉണ്ടാക്കി.മുന്നോട്ടുപോകാന്‍ കഴിയാത്ത വിധം കടം പെരുകിയതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അഫാന്‍  പൊലീസിനോട് ആവര്‍ത്തിച്ചു.ദിവസവും പലിശ നല്‍കണമായിരുന്നു.വലിയൊരു തുക ഇതിനായി മാത്രം വേണ്ടി വന്നു. 

ഉമ്മ ഷെമി, സഹോദരിയുടെ കൈയില്‍ നിന്ന് 30 പവന്‍ സ്വര്‍ണം വാങ്ങി പണയം വച്ചിരുന്നു. അവരുടെ വീടിന്റെ ആധാരവും വാങ്ങി പണയം വച്ചു.ഉമ്മയുടെ സഹോദരിയുടെ വിവാഹത്തിനായി ഇതെല്ലാം തിരികെ നല്‍കണമായിരുന്നു.വാപ്പയുടെ സഹോദരന്റെ കൈയില്‍ നിന്ന് 10 ലക്ഷം രൂപയും കടം വാങ്ങിയിട്ടുണ്ട്. 

അഫാന്റെ രീതികള്‍ പൊലീസിനെ അമ്പരപ്പിക്കുന്നുണ്ട്.തെളിവെടുപ്പ് പൂര്‍ത്തിയാക്കി അഫാനെ ജയിലിലേക്ക് മടക്കി അയക്കും.തുടര്‍ന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.അഫാന്റെ മാനസിക നില വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ കൊണ്ട് മാനസിക നില പരിശോധിപ്പിക്കാനാണ് പൊലീസ് നീക്കം.

murder venjaramoodu