/kalakaumudi/media/media_files/2026/01/24/augusty-2026-01-24-10-59-45.jpg)
ഇടുക്കി: കട്ടപ്പന നഗരസഭയിലെ കനത്ത തോല്‍വിക്കുപിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി എഐസിസി അംഗവും മുന്‍ എംഎല്‍എയുമായ അഡ്വ. ഇ എം ആഗസ്തി. ഇതുസംബന്ധിച്ച ഫെയ്സ്ബുക്ക് അദ്ദേഹം നേരത്തെ പങ്കുവച്ചിരുന്നു. ഇനി മുതല്‍ വേദിയിലുണ്ടാകില്ല, സദസ്സിലുണ്ടാകും. പ്രസംഗിക്കാനുണ്ടാകില്ല, ശ്രോതാവയിരിക്കുമെന്നും ഇ എം ആഗസ്തി ഫെയ്സ്ബുക്കില്‍ കുറിക്കുകയുണ്ടായി. കട്ടപ്പന നഗരസഭയിലെ 22-ാം വാര്‍ഡായ ഇരുപതേക്കറില്‍ സിപിഎമ്മിലെ സി ആര്‍ മുരളിയാണ് ഇ എം ആഗസ്തിയെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം എം മണിക്കെതിരെ ഉടുമ്പന്‍ചോലയില്‍ പരാജയപ്പെട്ടതിന് പിന്നാലെ ആഗസ്തി തല മൊട്ടയടിച്ചിരുന്നു. തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ആഗസ്തിയെ നിയമസഭയിലേക്ക് പരിഗണിച്ചേക്കില്ലെന്നാണ് സൂചന. ഇതോടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പാക്കാന്‍ തീരുമാനമെടുത്തതെന്നും പറയുന്നുണ്ട്.
ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു.
കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കുന്നു. ജനവിധി മാനിക്കുന്നു. വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന എന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കാന്‍ സമയമായി എന്ന വസ്തുത മനസ്സിലാക്കുന്നു. സുദീര്‍ഘമായ ഈ കാലയളവില്‍ കൂടെ നിന്ന് പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. ഈ കാലഘട്ടത്തില്‍ അറിഞ്ഞോ അറിയാതെയോ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നു.ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കും.
ഇനി മുതല്‍ വേദിയിലുണ്ടാവില്ല. സദസ്സിലുണ്ടാവും. പ്രസംഗിക്കുവാനുണ്ടാകില്ല. ശ്രോതാവായിരിക്കും. അരനൂറ്റാണ്ട് കാലം വ്യത്യസ്തമായ മേഖലകളില്‍ പ്രവര്‍ത്തിക്കുവാനും ധാരാളം ബഹുമാന്യ വ്യക്തികളുമായി അടുത്ത് പ്രവര്‍ത്തിക്കുവാനും ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ സത്യസന്ധമായി നിര്‍വഹിക്കുവാനും കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തോടു കൂടി മന:പൂര്‍വമല്ലാത്ത വീഴ്ചകളില്‍ മാപ്പ് ചോദിക്കുവാനും ആഗ്രഹിക്കുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
