കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം ഷാപ്പുകൾ പരിശോധിച്ച് നടപടിയെടുക്കാൻ എക്സൈസ് കമ്മീഷന്റെ നിർദേശം

കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്നുളള കള്ളിൻറെ സാമ്പിൾ  പരിശോധനയ്ക്ക് അയച്ചത്. കാക്കനാട് ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ  കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു.

author-image
Rajesh T L
New Update
LIQUER

പാലക്കാട് : ഷാപ്പിൽ നിന്നും പരിശോധനയ്ക്കെടുത്ത കള്ളിൽ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പുകൾക്കെതിരെ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എക്സൈസ് കമ്മിഷണറുടെ നിർദേശം. പാലക്കാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കാണ് നിർദേശം നൽകിയത്. ഗ്രൂപ്പിലെ മുഴുവൻ ഷാപ്പുകളുടെയും ലൈസൻസ് റദ്ദാക്കുമെന്ന് എക്സൈസ്. വരും ദിവസങ്ങളിലും കള്ള്ഷാപ്പ് കേന്ദ്രീകരിച്ച് പരിശോധന തുടരും. 

പിഴവ് കണ്ടെത്തിയിട്ടും സിപിഎം സമ്മർദം കാരണം നടപടി വൈകുന്നുവെന്നായിരുന്നു കോൺഗ്രസ് ആരോപണം. കള്ളിൽ മായം കലർന്നിട്ടുണ്ടോ എന്നറിയാൻ സാധാരണ ആഴ്ചയിലൊരിക്കൽ ഷാപ്പുകളിൽ നിന്ന് കള്ളിൻറെ സാമ്പിൾ എക്സൈസ് സംഘം പരിശോധനയ്ക്ക് അയക്കാറുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂർ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളിൽ നിന്നുളള കള്ളിൻറെ സാമ്പിൾ  പരിശോധനയ്ക്ക് അയച്ചത്. കാക്കനാട് ലാബിൽ നിന്നും ലഭിച്ച റിപ്പോർട്ടിൽ  കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കഫ് സിറപ്പിൽ ഉൾപ്പെടുത്തുന്ന ബനാട്രിൽ ശരീരത്തിലെത്തിയാൾ ചെറിയ മയക്കവും ക്ഷീണവും ഉണ്ടാകും. രണ്ട് ഷാപ്പുകളും ഒരേ ലൈസൻസിയുടേതാണ്. ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്സൈസ് കേസെടുത്തു. 

കള്ളിലെ കഫ് സിറപ്പ് കണ്ടെത്തിയത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ശിവരാജന്റെ ഉടമസ്ഥതയിലുള്ള ഷാപ്പിൽ നിന്നെന്ന് കോൺഗ്രസ് ആരോപിച്ചു. ഷാപ്പുകൾ നടത്തുന്നത് മറ്റൊരു ബ്രാഞ്ച് സെക്രട്ടറി രംഗനാഥനാണ്. ലാബ് റിപ്പോർട്ട് വന്നിട്ടും ഷാപ്പുകൾ അടക്കാത്തത് എക്സൈസ് കമ്മീഷണറുടെ അനുമതി കിട്ടാത്തതാണ് കാരണമെന്നും കോൺഗ്രസ് ആരോപിച്ചു.

എന്നാൽ സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ഷാപ്പ് ഉടമയും സിപിഎം നേതാവുമായ ശിവരാജൻ പ്രതികരിച്ചു. 

excise kerala liquer