ശിവപ്രിയയുടെ മരണ കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്നു വിദഗ്ധ സമിതി റിപ്പോർട്ട്

ശിവപ്രിയയെ അഡ്മിറ്റ് ചെയ്തിരുന്ന ദിവസം നൂറുകണക്കിനു മറ്റു രോഗികൾ ചികിത്സ തേടിയിരുന്നുവെന്നും അവർക്കാർക്കും ഇത്തരത്തിൽ അണുബാധ ഉണ്ടായിട്ടില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.

author-image
Devina
New Update
sivapriya sat

തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തെ തുടർന്നു ചികിത്സയിലിരിക്കെ മരിച്ച കരിക്കകം സ്വദേശിയായ  ജെ.ആർ.ശിവപ്രിയ (26) മരിച്ചത് സ്റ്റഫൈലോകോക്കസ് അണുബാധയെ തുടർന്നാണെന്നും ആശുപത്രിയിൽനിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാൻ കഴിയില്ലെന്നും വിദഗ്ധ സമിതി റിപ്പോർട്ട്.

ആലപ്പുഴ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.

 റിപ്പോർട്ട് ഡിഎംഇയ്ക്ക് കൈമാറി.

ആശുപത്രിയിൽ അണുനശീകരണത്തിനുള്ള നടപടികൾ കൃത്യമായി പാലിച്ചിരുന്നുവെന്നും അതിന്റെ രേഖകൾ പരിശോധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

 ശിവപ്രിയയെ അഡ്മിറ്റ് ചെയ്തിരുന്ന ദിവസം നൂറുകണക്കിനു മറ്റു രോഗികൾ ചികിത്സ തേടിയിരുന്നുവെന്നും അവർക്കാർക്കും ഇത്തരത്തിൽ അണുബാധ ഉണ്ടായിട്ടില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.

പ്രസവമുറിയിൽനിന്ന് സാംപിൾ എടുത്തു നടത്തിയ അണുബാധ പരിശോധനാ റിസൾട്ടും നെഗറ്റീവ് ആണ്. ആ സാഹചര്യത്തിൽ അണുബാധയുടെ ഉറവിടം ആശുപത്രിയാണെന്നു പറയാൻ കഴിയില്ലെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തൽ.