എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ പൊട്ടിത്തെറി

ട്വന്റി20യിലെ അസംതൃപ്തരെ ഒപ്പം നിർത്തുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. സംഘടനാ ചുമതലയുള്ളവർ ഉൾപ്പടെയാണ് എൻഡിഎ പ്രവേശനത്തിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം നടത്തുന്നത്

author-image
Devina
New Update
sabu


കൊച്ചി: എൻഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യിൽ ഒരു വിഭാഗത്തിന് അതൃപ്തിയെന്നു സൂചന. ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പാർട്ടിവിടും. ഇവർ കോൺഗ്രസിലേക്കെന്നാണ് അറിയുന്നത്. അഭിപ്രായവ്യത്യാസമുള്ളവർ തമ്മിൽ ആശയവിനിമയം നടത്തി.

ഉച്ചയ്ക്ക് ശേഷം ഇവർ മാധ്യമങ്ങളെ കാണും. എന്നാൽ എൻഡിഎ പ്രവേശനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചതെന്നുമാണ് പാർട്ടി നേതാവ് സാബു എം ജേക്കബ് പറയുന്നത്.

സംഘടനാ ചുമതലയുള്ളവർ ഉൾപ്പടെയാണ് എൻഡിഎ പ്രവേശനത്തിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം നടത്തുന്നത്. ഇതാദ്യമാണ് ഇത്തരത്തിലൊരു രാഷ്ട്രീയ പ്രതിസന്ധി പാർട്ടിക്കുള്ളിൽ ഉണ്ടാകുന്നത്. എന്നാൽ ഇതുവരെ എൻഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല. കിഴക്കമ്പലം പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പടെ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്നാണ് എൻഡിഎ പ്രവേശനത്തിൽ അതൃപ്തി ഉള്ളവർ പറയുന്നത്.

ഇവർക്ക് പരമാവധി പിന്തുണ നൽകാനാണ് കോൺഗ്രസ് തീരുമാനം. ട്വന്റി20യിലെ അസംതൃപ്തരെ ഒപ്പം നിർത്തുന്നത് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. ട്വന്റി20യിലെ ഒരുവിഭാഗം കോൺഗ്രസിലെത്തുന്നതോടെ കുന്നത്തുനാട് നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നും കോൺഗ്രസ് കരുതുന്നു.