കൊച്ചി: ഷെയർ ട്രേഡിങ്ങിലൂടെ അധിക വരുമാനം വാഗ്ദാനം ചെയ്ത പണം തട്ടിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. എറണാകുളം ഇടപ്പള്ളി സ്വദേശിയായ 62കാരനിൽ നിന്നാണ് 2,14,00,000 (രണ്ടുകോടി 14 ലക്ഷം) രൂപ തട്ടിയെടുത്തത്. സംഭവത്തിൽ എറണാകുളം സിറ്റി സൈബർ പൊലീസ് അന്വേഷണം തുടങ്ങി.ഷെയർ ട്രേഡിങ് വഴി അധിക വരുമാനം വാഗ്ദാനം ചെയ്ത് ഫേസ്ബുക്ക് പരസ്യം നൽകലാണ് സംഘത്തിന്‍റെ ആദ്യപടി. പരസ്യത്തിനൊപ്പം നൽകിയ ലിങ്കിലൂടെ ഇരകളുടെ പേരും മറ്റുവിവരങ്ങളും ശേഖരിക്കും. തുടർന്ന് അവരെ വാട്സാപ്പിലൂടെ നിരന്തരം ബന്ധപ്പെടും. ട്രേഡിംഗിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്‍റെ കണക്കുകൾ പറഞ്ഞ് പ്രലോഭനം. ആദ്യം ചെറിയ തുകയൊക്കെ നൽകും. പക്ഷേ പിന്നീടാണ് തട്ടിപ്പ് മനസിലാകുക.
ഇടപ്പള്ളി സ്വദേശിയായ 62കാരൻ വെങ്കിട്ടരാമനും കെണിയിൽ വീണത് ഇങ്ങനെ തന്നെ:
ഷെയർ ട്രേഡിങുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കണ്ടൊരു പരസ്യത്തിലൂടെയാണ് ആനന്ദ് രതി ഇൻവെസ്റ്റ്മെന്‍റ് സർവീസിന്‍റെ വെബ്സൈറ്റിലെത്തിയത്. വാട്ട്സ് ആപ്പ് വഴി ബന്ധപ്പെട്ടവർ അധിക വരുമാനം ഉറപ്പുനൽകി. ഒക്ടോബർ 30 മുതൽ ഡിസംബർ മൂന്ന് വരെയുള്ള കാലയളവിൽ നാല് അക്കൗണ്ടുകളിൽ നിന്നായി രണ്ടുകോടി 14 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. പിന്നീട് പണമോ ലാഭ വിഹിതമോ നൽകിയില്ല. ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ബ്ലോക്ക് ചെയ്ത് മുങ്ങി. ഇതോടെയാണ് വെങ്കിട്ടരാമൻ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളം സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
