Actress Attacked Case
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച സംഭവത്തിൽ, വസ്തുതാന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.അന്വേഷണ റിപ്പോർട്ട് റദ്ദാക്കി, ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കാൻ കോടതി ഉത്തരവിടണമെന്ന് ആവശ്യപ്പെടുന്ന ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
കേസിൽ തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ, സഹപ്രവർത്തകരെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് ജില്ലാ സെഷൻസ് ജഡ്ജി വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് നടിയുടെ ആരോപണം.മാത്രമല്ല സഹപ്രവർത്തകരുടെ മൊഴി അതേപടി വിശ്വസിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും തെളിവുകൾ ശേഖരിച്ചിട്ടില്ലെന്നും നടപടി നിർദേശിച്ചിട്ടില്ലെന്നും നടി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി അന്വേഷണ റിപ്പോട്ട് വ്യക്തമാക്കുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, ശിരസ്തദാർ താജുദ്ധീൻ എന്നിവരാണ് മെമ്മറി കാർഡ് പരിശോധിച്ചത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അന്വേഷണം നടത്തിയത്.
മജിസ്ട്രേറ്റ് ലീന റഷീദ് സ്വന്തം കസ്റ്റഡിയിൽ മെമ്മറി കാർഡ് സൂക്ഷിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2018-ൽ ജില്ലാ ജഡ്ജിയുടെ പിഎയും സ്വന്തം ഫോണിൽ മെമ്മറി കാർഡ് ഉപയോഗിച്ച് പരിശോധിച്ചു. എന്നാൽ ഈ ഫോൺ 2022-ൽ നഷ്ടമായെന്നാണ് ഇയാളുടെ മൊഴി. 2021 ജൂലൈ 19ന് കോടതി ശിരസ്തദാർ താജുദ്ധീനും മെമ്മറി കാർഡ് പരിശോധിച്ചു. ഈ വിഷയത്തിലൊന്നും തന്നെ തുടരന്വേഷണം നടത്താനോ നടപടിയെടുക്കാനോ അന്വേഷണ റിപ്പോർട്ടിൽ ശുപാർശയില്ല.