/kalakaumudi/media/media_files/gqqFDDx2Ha7MELvCoQ9Y.jpeg)
വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയ അപേക്ഷകന് യഥാസമയം വിവരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ മനുവിനെ 5000 രൂപ പിഴ ശിക്ഷിച്ചുകൊണ്ട് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട ചില ഫയലിന്റെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് നല്‍കിയ അപേക്ഷയ്ക്ക് യഥാസമയം വിവരാവകാശ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട, കോഴഞ്ചേരി, പുന്നക്കാട് തുരുത്തിയില്‍ വീട്ടില്‍ ടി.കെ.ശശികുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിവരാവകാശ കമ്മീഷന്റെ ഈ നടപടി.
ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ ഒരു ഫയലിന്റെ മുഴുവന്‍ രേഖകളുടെ പകര്‍പ്പുകളാണ് അപേക്ഷകന്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. ആയതിന് വിവരാവകാശ ഉദ്യോഗസ്ഥന്റെ ഓഫീസിലുള്ള ഫയലുകളുടെ മാത്രം വിവരങ്ങള്‍ അപേക്ഷകന് നല്‍കി. എന്നാല്‍ മറ്റ് ഓഫീസുകളില്‍ നിന്നും അപേക്ഷകന് ലഭ്യമാക്കേണ്ട വിവരങ്ങള്‍ ലഭ്യമാക്കി കൊടുക്കണമെന്ന് കാണിച്ച് അപേക്ഷകന്റെ അപേക്ഷയുടെ പകര്‍പ്പ് മറ്റ് ഓഫീസുകളിലേക്ക് വിവരാവകാശ ഉദ്യോഗസ്ഥന്‍ കൈമാറിയിരുന്നില്ല. കൂടാതെ അപേക്ഷകന്‍ വിവരം ലഭിക്കാന്‍ അപേക്ഷ നല്‍കിയത് 2023 ഫെബ്രുവരി 13 നാണ്. എന്നാല്‍ അപേക്ഷ നല്‍കി 40 ദിവസത്തിന് ശേഷം 2023 മാര്‍ച്ച് 22നാണ് വിവരാവകാശ ഉദ്യോഗസ്ഥന്‍ അപേക്ഷകന് മറുപടി നല്‍കിയത്. ഇത് വിവരാവകാശ നിയമം ഏഴില്‍ ഒന്നിന്റെ വീഴ്ചയാണെന്ന് കമ്മീഷന്‍ ഉത്തരവിലൂടെ ചൂണ്ടിക്കാട്ടി.
നിയമസഭാ സമ്മേളനത്തിന്റെ തിരക്കായതിനാല്‍ ആണ് അപേക്ഷകന് വിവരം നല്‍കാന്‍ വൈകിയതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിന് വിവരാവകാശ ഉദ്യോഗസ്ഥന്റെ വാദവും കമ്മീഷന്‍ തള്ളി. 15 ദിവസത്തിനകം 5000 രൂപ വിവരാവകാശ ഉദ്യോഗസ്ഥന്‍ ഒടുക്കുവരുത്തി ചെല്ലാന്‍ റസീത് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്റെ ശമ്പളത്തില്‍ നിന്ന് സ്ഥാപര ജംഗമ വസ്തുക്കളില്‍ നിന്ന് റവന്യൂ റിക്കവറി ഇനത്തില്‍ വസൂല്‍ ആക്കുമെന്നും കമ്മീഷന്‍ ഉത്തരവിലൂടെ പറഞ്ഞു.