/kalakaumudi/media/media_files/3ZCcr3d0oxgqSF5fxS2J.webp)
കൊച്ചി: എ.ആർ.എം സിനിമയുടെ വ്യാജപതിപ്പ് സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികൾ ഉന്നത ബിരുദധാരികൾ. സിനിമകൾ റെക്കാർഡ് ചെയ്യുന്നതിന് ലക്ഷങ്ങളാണ് ഇവർക്ക് മാസശമ്പളമായി ലഭിച്ചിരുന്നത്.
ഐ.ടി സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഉന്നത ബിരുദധാരികളാണ് സിനിമകളുടെ വ്യാജപതിപ്പ് പകർത്തി പ്രചരിപ്പിച്ചിരുന്നത്. ബി.ടെക്, ഐ.ടി ബിരുദം പൂർത്തിയാക്കിയ ഇവർ സഹപാഠികളാണ്. വ്യാജ സിനിമകൾ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് സംഘത്തിൽ നിന്ന് ഇവർക്ക് ഓരോ സിനിമയ്ക്കും 1,00000 രൂപ വീതവും ലഭിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
തമിഴ്‌നാട് സത്യമംഗലം സ്വദേശി വഴിയാണ് പ്രതികൾ ഈ മേഖലയിലെത്തിയത്. ഒളിവിലുള്ള സത്യമംഗലം സ്വദേശിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വലിയ തോതിൽ പണം എത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്. ഇത് പൂർത്തിയായശേഷം കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കേരളത്തിന് പുറത്ത് മലയാളം ചിത്രങ്ങൾക്ക് കാഴ്ചക്കാർ കുറവുള്ളതിനാൽ തിയേറ്ററിനുള്ളിൽ കാര്യമായ പരിശോധനകൾ നടത്താറില്ല. ഇത് മുതലെടുത്തായിരുന്നു പ്രതികൾ സിനിമകൾ പകർത്തിയിരുന്നത്. 35ഓളം റിലീസ് ചിത്രങ്ങളുടെ വ്യാജപതിപ്പ് പ്രതികളുടെ മൊബൈലിൽ നിന്ന് കണ്ടെത്തിയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

/kalakaumudi/media/member_avatars/2025/03/05/2025-03-05t152720296z-hacker-logo-design-a-mysterious-and-dangerous-hacker-illustration-vector.jpg )