/kalakaumudi/media/media_files/2025/10/15/naveen-babu-2025-10-15-11-39-57.jpg)
പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ മാനനഷ്ടക്കേസ് നല്‍കി കുടുംബം. 65ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സിപിഎം നേതാവ് പി.പി.ദിവ്യയ്ക്കും പ്രശാന്തനുമെതിരെ കേസ് ഫയല്‍ ചെയ്തത്. പത്തനംതിട്ട സബ് കോടതി രണ്ടുപേര്‍ക്കും നോട്ടിസ് അയച്ചു. ഹര്‍ജി അടുത്ത മാസം പരിഗണിക്കും. എഡിഎമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ചെന്ന് ഹര്‍ജിയില്‍ പറയുന്നു.
2024 ഒക്ടോബര്‍ 15നു പുലര്‍ച്ചെയാണ് നവീന്‍ ബാബുവിനെ കണ്ണൂര്‍ നഗരത്തിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെട്രോള്‍ പമ്പിന്റെ അപേക്ഷയില്‍ നടപടിയെടുക്കാന്‍ വൈകിയതിന്റെ പേരില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അവഹേളിച്ചതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ. പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ ഇലക്ട്രിഷ്യനായിരുന്ന ടി.വി.പ്രശാന്തന്റെ പേരിലാണു പെട്രോള്‍ പമ്പിന് അപേക്ഷ നല്‍കിയിരുന്നത്.
എന്‍ഒസി ലഭിക്കാന്‍ നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീന്‍ ബാബുവിനു സഹപ്രവര്‍ത്തകര്‍ കലക്ടറേറ്റില്‍ നല്‍കിയ യാത്രയയപ്പു യോഗത്തില്‍ ക്ഷണിക്കപ്പെടാതെയെത്തി പി.പി.ദിവ്യ ആക്ഷേപ പ്രസംഗം നടത്തിയത് ഈ ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
പെട്രോള്‍ പമ്പ് ബെനാമി ഇടപാടാണെന്നും ബെനാമിയെ കണ്ടെത്തണമെന്നും നവീന്‍ ബാബുവിന്റെ കുടുംബം തുടക്കം മുതലേ ആവശ്യപ്പെട്ടെങ്കിലും പ്രത്യേക അന്വേഷണസംഘം ഇക്കാര്യം അന്വേഷിച്ചിട്ടില്ല. നവീന്‍ ബാബു കൈക്കൂലി വാങ്ങി എന്നതിനു തെളിവില്ലെന്നു വകുപ്പുതല അന്വേഷണത്തിലും വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കുടുംബത്തിന്റെ പരാതിയിലും നടപടിയെടുത്തിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
