ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കുടുംബം

നാലുദിവസം മുമ്പ് കെട്ടിട നിർമ്മാണ മേഖലയിൽ തൊഴിലെടുക്കാനാണ് പാലക്കാട്ടെത്തിയതെന്നും നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ലാത്ത ആളാണെന്നും ഇയാളുടെ ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു

author-image
Devina
New Update
shashi

പാലക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി  കുടുംബം.

പാലക്കാട് വാളയാർ അട്ടപ്പള്ളത്താണ് മോഷ്ടാവെന്ന് പറഞ്ഞ് ഛത്തീസ്ഗഢ് സ്വദേശി രാംനാരായൺ ഭയ്യ (31) നെ മർദിച്ച് കൊന്നത്.

 എന്നാൽ രാംനാരായൺ മോഷ്ടാവാണെന്ന ആരോപണം കുടുംബം തള്ളുകയാണ്.

നാലുദിവസം മുമ്പ് കെട്ടിട നിർമ്മാണ മേഖലയിൽ തൊഴിലെടുക്കാനാണ് പാലക്കാട്ടെത്തിയതെന്നും നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ലാത്ത ആളാണെന്നും ഇയാളുടെ ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു.

'ജോലിക്കായി നാലുദിവസം മുമ്പാണ് രാംനാരായണ്‍ പാലക്കാട്ടെത്തിയത്. എന്നാല്‍, ഇവിടത്തെ ജോലി ഇഷ്ടപ്പെട്ടിരുന്നില്ല.

അതിനാല്‍ നാട്ടിലേക്ക് തിരിച്ചുവരാനിരുന്നതാണ്. ഇവിടെ പുതിയ ആളായതിനാല്‍ വഴിയൊന്നും അറിയുമായിരുന്നില്ല.

 അതിനാല്‍ എങ്ങനെയോ വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തപ്പെട്ടതാകാം. ഒരു ക്രിമിനല്‍ റെക്കോര്ഡു‍മില്ലാത്ത ആളാണ്.

നാട്ടില്‍ ഒരു കേസില്‍ പോലും പ്രതിയല്ല. മാനസികമായി ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളും ഇല്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളുടെ നാട്ടില്‍വന്ന് അന്വേഷിച്ചാല്‍ അത് മനസിലാകും

. മദ്യപിക്കാറുണ്ട്. എന്നാല്‍, ആരുമായും ഒരു പ്രശ്‌നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്.

കുടുംബം പോറ്റുന്നതിന് ജോലിയെടുക്കാനാണ് ഇവിടെ വന്നത്', ബന്ധു ശശികാന്ത് ബഗേല്‍ പറഞ്ഞു.

ബുധനാഴ്ചയാണ് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്കെത്തിയ രാംനാരായണ്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് മരിച്ചത്.

മര്‍ദനമേറ്റ് കുഴഞ്ഞുവീണ ഇയാളെ നാലുമണിക്കൂറിനുശേഷമാണ് പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

 സംഭവത്തില്‍ വാളയാര്‍ അട്ടപ്പള്ളം മാതാളികാട് സ്വദേശികളായ 15 പേരെ വാളയാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.