ആത്മാവില്‍നിന്ന് ഒഴുകിവരുന്ന സംഗീതം കൊണ്ട് മലയാളി മനസിനെ ത്രസിപ്പിച്ച ഗാനങ്ങളുടെ രാജകുമാരന്‍. ജയചന്ദ്രനെന്ന ഗായകന്‍ ഇനി ഓര്‍മിക്കുക ആ ഗനോസരോവരത്തിലൂടെയായിരിക്കും. കാരണം പൂവേ പൂവേ പാലപ്പൂവേ... (ദേവദൂതന്‍), ആകാശദീപമേ... (ജോക്കര്‍), അറിയാതെ അറിയാതെ... (രാവണപ്രഭു), പൊന്നുഷസ്സിനും... (മേഘമല്‍ഹാര്‍), ഒന്നു തൊടാനുള്ളില്‍... (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), വട്ടയില പന്തലിട്ടു... (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്), ആരും... (നന്ദനം), വിരല്‍ തൊട്ടാല്‍ വിരിയുന്ന...(ഫാന്റം), വാ വാ വോ വാവേ... (എന്റെ വീട് അപ്പൂന്റേം), നീയൊരു പുഴയായ്... (തിളക്കം), എന്തേ ഇന്നും വന്നീലാ... (ഗ്രാമഫോണ്‍) ഇങ്ങനെ എ്ണ്ണിയാല്‍ ഒടുങ്ങാത്ത ഗാനങ്ങളാണ് അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുള്ളത്. കേരളീയത നിറഞ്ഞുനില്‍ക്കുന്ന ഗാനങ്ങളായിരുന്നു ആ ഗാനങ്ങളുടെ ഏറ്റവും വലിയ സവിശേഷത. അതിലൂമേറേ എടുത്തുപറയേണ്ട കാര്യം അദ്ദേഹം ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല എന്നതാണ്. എന്നിട്ടും ശ്രുതി രാഗ താളങ്ങള്‍ തെറ്റാതെ സംഗീത ആസ്വാദകരെ കുളിര്‍മയണിയിക്കാന്‍ കഴിഞ്ഞു. ശരിക്കും കാവ്യഗന്ധര്‍വ്വന്‍ തന്നെയായിരുന്നു അദ്ദേഹം. ആലാപനത്തില്‍ പുലര്‍ത്തുന്ന സ്വാഭാവികതയാണ് ജയചന്ദ്രനെന്ന ഗായകന്റെ പാട്ടുശൈലിയിലെ മറ്റൊരു സവിശേഷത. ശുദ്ധമായ ഗമകസഞ്ചാരത്തോടെയാണ് അദ്ദേഹം ഗാനങ്ങള്‍ ആലപിക്കുന്നത്. പാടുമ്പോള്‍, സ്വന്തമായതോ ബോധപൂര്‍വ്വമോ ആയ ഒരു സംഗതിയും അദ്ദേഹം സംഗീതത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നില്ല. എല്ലാം സ്വച്ഛന്ദം സുന്ദരമായി ഒഴുകിയെത്തുകയാണ് ആ ആലാപനത്തില്‍. ഇന്നോളം ഒരു യുവഗായകനും അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിക്കാത്തതും അതുകൊണ്ടു തന്നെയാവണം. ജയചന്ദ്രനെന്ന ഗായകന് ആസ്വാദകരും ആരാധകരും മാത്രമേയുള്ളൂ, അനുകര്‍ത്താക്കളില്ല.
പി ഭാസ്‌കരന്‍ എഴുതി ബി എ ചിദംബരനാഥ് സംഗീതം പകര്‍ന്ന ഒരു ഗാനം പാടിക്കൊണ്ടാണ് മലയാളസിനിമയില്‍ ജയചന്ദ്രന്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റേതായി ആദ്യം പുറത്തുവന്നത് 1966 ല്‍ കളിത്തോഴന്‍ എന്ന ചിത്രത്തിനുവേണ്ടി പാടിയ രണ്ടു സോളോ ഗാനങ്ങളായിരുന്നു. മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി... എന്ന വിരഹഗാനവും താരുണ്യം തന്നുടെ താമരപ്പൂവനത്തില്‍... എന്ന തമാശപ്പാട്ടും. വിപരീതസ്വഭാവമുള്ള രണ്ടു പാട്ടുകള്‍. പി ഭാസ്‌കരന്റേതന്നെ രചനയില്‍ ജി ദേവരാജന്‍ ഈണം പകര്‍ന്ന ഗാനങ്ങളായിരുന്നു അവ. കണ്ണില്‍ കണ്ണില്‍ മിന്നും... (ഗൗരീശങ്കരം), ആലിലത്താലിയില്‍... (മിഴി രണ്ടിലും), സ്വയംവര ചന്ദ്രികേ... (ക്രോണിക് ബാച്ലര്‍), അഴകേ കണ്മണിയേ... (കസ്തൂരിമാന്‍), നീ മണിമുകിലാടകള്‍... (വെള്ളിത്തിര), കല്ലായിക്കടവത്തെ... (പെരുമഴക്കാലം), കണ്ണും നട്ടു കാത്തിരുന്നിട്ടും... (കഥാവശേഷന്‍), ആരാരും കാണാതെ... (ചന്ദ്രോത്സവം), വെണ്‍മുകിലേതോ... (കറുത്ത പക്ഷികള്‍), ആലിലക്കാവിലെ... (പട്ടാളം), നനയും നിന്‍ മിഴിയോരം... (നായിക), ശാരദാംബരം... (എന്ന് നിന്റെ മൊയ്തീന്‍) എന്നിവയൊക്കെ 2000 മുതല്‍ ജയചന്ദ്രന്‍ വ്യക്തിഗതമായോ യുഗ്മമായോ പാടി ആസ്വാദകഹൃദയങ്ങളെ രസിപ്പിച്ച ഹിറ്റ് ഗാനങ്ങളാണ്.
കൊച്ചി രാജകുടുംബത്തിലെ ഒരംഗമായിരുന്ന രവിവര്‍മ്മ കൊച്ചനിയന്‍ തമ്പുരാനും പാലിയത്ത് സുഭദ്ര കുഞ്ഞമ്മയ്ക്കും 1944 മാര്‍ച്ച് 3 നാണ് ജയചന്ദ്രന്‍ ജനിച്ചത്. കൊച്ചിയിലെ രവിപുരത്തുനിന്ന് ഈ കുടുംബം പിന്നീട് തൃശൂര്‍ ജില്ലയില്‍ ക്ഷേത്രകലകളുടെകൂടി നാടായ ഇരിങ്ങാലക്കുടയിലേക്കു താമസം മാറ്റുകയായിരുന്നു. ചെറുപ്പത്തില്‍ മൃദംഗവായനയിലും പ്രാവീണ്യം നേടിയ ജയചന്ദ്രന് ഒരു കലാകാരനെന്ന നിലയിലും കലാസ്വാദകനെന്ന വഴിയിലും വളര്‍ന്നു വികസിക്കാന്‍ വേണ്ട സാഹചര്യം ഒരുക്കുന്നതില്‍ ഇരിങ്ങാലക്കുടയെന്ന ദേശത്തിനും വലിയ പങ്കുണ്ട്. പിന്നീട് ലളിതയെ വിവാഹം ചെയ്ത ജയചന്ദ്രന്‍ തൃശ്ശൂരില്‍ താമസമുറപ്പിക്കുകയായിരുന്നു. ലക്ഷ്മിയെന്ന മകളും ദിനനാഥ് എന്ന മകനുമാണ് ഈ ദമ്പതികള്‍ക്കുള്ളത്.