ഇടുക്കി: സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച മുല്ലപ്പെരിയാര്‍, പുതിയ മേല്‍നോട്ട സമിതിയുടെ ആദ്യ അണക്കെട്ട് പരിശോധന ഇന്ന്. ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി ചെയര്‍മാന്‍ അനില്‍ ജെയിന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് ഡാം സന്ദര്‍ശിക്കുന്നത്.
തമിഴ്‌നാടിന്റെയും കേരളത്തിന്റെയും പ്രതിനിധികള്‍ക്ക് പുറമേ, ബെംഗളൂവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ഒരു ഗവേഷണ ഉദ്യോഗസ്ഥന്‍, ഡല്‍ഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ എന്നിവരും സംഘത്തിലുണ്ട്. രാവിലെ ബോട്ട് മാര്‍ഗം അണക്കെട്ടിലേക്ക് പോകുന്ന സംഘം പരിശോധനകള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് കുമളിയിലെ മുല്ലപ്പെരിയാര്‍ ഓഫീസില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കാലവര്‍ഷത്തിന് മുമ്പും കാലവര്‍ഷ സമയത്തും അണക്കെട്ടില്‍ ആവശ്യമായ പരിശോധന നടത്തുക ഈ സംഘമാണ്.
തെക്കന്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് മുല്ലപ്പെരിയാറില്‍ അണക്കെട്ട് പണിതത്. 1886 ലാണ് ഡാമിന്റെ പണിക്ക് തുടക്കം കുറിച്ചത്. സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് ബ്രിട്ടീഷ് എന്‍ജിനീയറായിരുന്ന ജോണ്‍ പെന്നിക്വിക്കാണ് അണക്കെട്ട് നിര്‍മിച്ചത്. 1895 ഒക്ടോബര്‍ പത്തിന് വൈകിട്ട് ആറ് മണിക്കാണ് മദ്രാസ് ഗവര്‍ണര്‍ വെള്ളം തുറന്നുവിട്ട് ഡാം ഔദ്യോഗികമായി കമ്മീഷന്‍ ചെയ്തത്.
കനാല്‍ മാര്‍ഗം 125 കിലോ മീറ്റര്‍ വരെ ദൂരത്തിലാണ് മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്തിക്കുന്നത്. 50 വര്‍ഷം ആയുസ്സ് കണക്കാക്കി പണിത അണക്കെട്ട് 129 വര്‍ഷം പിന്നിട്ടതോടെ കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ പേടി സ്വപ്നമാണിപ്പോള്‍.