കൊല്ലം: കൊല്ലത്ത് വാക്കേറ്റത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു.ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺ കുമാർ (19) ആണ് മരിച്ചത്.സംഭവത്തിൽ ഇരവിപുരം വഞ്ചിക്കോവിൽ സ്വദേശി പ്രസാദ് (44) ശക്‌തികുളങ്ങര പൊലീസിൽ കീഴടങ്ങി.അരുൺ മകളെ ശല്യം ചെയ്തെന്ന് ആരോപിച്ച് പ്രസാദും അരുണും തമ്മിൽ ആദ്യം ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. നേരത്തെ ബന്ധത്തിന്റെ പേരിൽ ഇയാൾ മകളെ ബന്ധുവീട്ടിലാക്കിയിരുന്നു.
ഇവിടെയും അരുൺ എത്തി എന്നാരോപിച്ചാണ് ഫോണിൽ തർക്കമുണ്ടായത്. ഇത് ചോദിക്കാനായി സുഹൃത്തുക്കളോടൊപ്പം എത്തിയ അരുൺ പ്രസാദുമായി സംഘർഷം ഉണ്ടായി.സംഘർഷത്തിനിടെ അരുണിനെ പ്രസാദ് കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.സുഹൃത്താണ് അരുൺകുമാറിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെവെച്ച് എട്ടുമണിയോടെ മരിക്കുകയായിരുന്നു.
ഇതിനെ പിന്നാലെയാണ് പ്രസാദ് ശക്തികുളങ്ങര പോലീസിൽ കീഴടങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. പ്രവാസിയായ അരുൺകുമാർ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.