കണ്ണൂരില്‍ 13കാരിയെ ഗര്‍ഭിണിയാക്കിയ പിതാവിന് മരണംവരെ തടവുശിക്ഷ

പ്രതിയായ 46കാരനെയാണ് രണ്ടുവകുപ്പുകളിലായി മരണം വരെ തടവിന് ശിക്ഷിച്ചത്. മറ്റൊരു വകുപ്പില്‍ 47 വര്‍ഷം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.

author-image
Prana
New Update
dc

13 വയസുള്ള മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിനെ മരണംവരെ തടവിന് ശിക്ഷിച്ച് കോടതി. പ്രതിയായ 46കാരനെയാണ് രണ്ടുവകുപ്പുകളിലായി മരണം വരെ തടവിന് ശിക്ഷിച്ചത്. മറ്റൊരു വകുപ്പില്‍ 47 വര്‍ഷം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്.
2019ലായിരുന്നു കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി വിദേശത്ത് ജോലിചെയ്തിരുന്ന ഇയാള്‍ കോവിഡ് കാലത്ത് നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞിരുന്നു. ഈ സമയത്തും മകളെ പീഡനത്തിനിരയാക്കിയതായി പരാതിയുണ്ടായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ചികിത്സതേടിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.
അതിനിടെ, ബന്ധുവായ 15കാരനാണ് പീഡിപ്പിച്ചതെന്ന് ആരോപിക്കാനുള്ള ശ്രമങ്ങളുണ്ടായി. പോലീസ് അന്വേഷണത്തില്‍ പിതാവാണ് കേസിലെ പ്രതിയെന്ന് കണ്ടെത്തി. തുടര്‍ന്ന് വിദേശത്തുനിന്ന് നാട്ടിലെത്തിയ പ്രതിയെ വിമാനത്താവളത്തില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും നാട്ടില്‍നിന്ന് മുങ്ങി. തുടര്‍ന്ന് കഴിഞ്ഞദിവസം നാട്ടിലെത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
തളിപ്പറമ്പ് എസ്.ഐ.യായിരുന്ന സത്യനാഥനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.

 

father life imprisonment Rape Case