തിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ കാത്തിരിക്കുന്നത് തുറമുഖവും അനുബന്ധ വ്യവസായങ്ങളും വഴി തൊഴിലവസരങ്ങളാണ്. തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കുന്ന നിർമാണ കാലയളവിൽ, നേരിട്ടുള്ള തൊഴിലവസരങ്ങൾ ഏകദേശം 3600 എണ്ണമാണ് സർക്കാർ കണക്കാക്കിയിട്ടുള്ളത്.
പ്രവർത്തന കാലയളവിൽ അധിക ശേഷി മൂലം നിലവിലുള്ള 600 തൊഴിലവസരങ്ങൾ കൂടാതെ 400 അവസരങ്ങൾ കൂടി തുറമുഖത്തു നേരിട്ട് സൃഷ്ടിക്കപ്പെടും. കൂടാതെ തുറമുഖം മൂലം പരോക്ഷമായി നിരവധി തൊഴിലവസരങ്ങൾ ഉണ്ടാക്കും. ഇത് നേരിട്ടുള്ള അവസരങ്ങളുടെ നാലു മടങ്ങുവരെ വരും.
വിഴിഞ്ഞം പ്രവർത്തനം ആരംഭിക്കുന്നതോടെ കയറ്റുമതിക്കായുള്ള ഡോക്യുമെന്റേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹായിക്കുന്ന ലോജിസ്റ്റിക് കമ്പനികൾ തിരുവനന്തപുരത്തേക്കും കൂടുതൽ എത്തും. ഇതിലൂടെ നിരവധി തൊഴിലവസരങ്ങൾ ഉയരുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
തുറമുഖത്തെത്തുന്ന കപ്പലുകളുടെ കമ്പനികളും വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലുമായി വരും മാസങ്ങളിൽ ഓഫീസ് തുറക്കും. മറ്റ് അനുബന്ധ വ്യവസായ - വാണിജ്യ രംഗങ്ങൾ കൂടി സജീവമാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അവസരങ്ങളുടെ അനന്തമായ സാധ്യതകളാണ് തുറക്കുന്നതെന്നും സർക്കാർ പറഞ്ഞു.
വിഴിഞ്ഞം തുറമുഖത്തിൻ്റെ പ്രത്യേകതകൾ
* ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്നർ തുറമുഖം.
* ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ തുറമുഖം.
* ഏറ്റവും വലിയ കപ്പലിന് എത്താൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ.
* 10 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര കപ്പൽ പാതയുടെ സാമിപ്യം.
* തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽവരെ 24 മീറ്റർ സ്വാഭാവിക ആഴം.
* തുറമുഖത്തിൽ മൊത്തം 32 ക്രെയിനുകൾ ( 31 എണ്ണം പ്രവർത്തന സജ്ജം).
* ക്രെയിനുകൾ നിയന്ത്രിക്കുന്നത് മദ്രാസ് ഐഐടി വികസിപ്പിച്ച സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന നാവിഗേഷൻ സെന്റർ.
* വിഴിഞ്ഞത്തുള്ളത് 2960 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്‌നർ ബർത്ത്, 600 മീറ്റർ അപ്രോച്ച് റോഡ്.
* വിഴിഞ്ഞം തുറമുഖത്തിൻ്റെ നിർമാണം നാല ഘട്ടങ്ങളായി. പൂർത്തിയായത് ഒന്നാം ഘട്ടം മാത്രം. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണവും ഉടൻ തുടങ്ങും.
* പൈലറ്റ് കം പട്രോൾ ബോട്ട്, നാവിഗേഷൻ എയ്ഡ്, പോർട്ട് ഓപ്പറേഷൻ ബിൽഡിങ്, 220 കെ വി സബ് സ്റ്റേഷൻ, 33 കെ വി പോർട്ട് സബ് സ്റ്റേഷൻ, ചുറ്റുമതിൽ, കണ്ടെയ്‌നർ ബാക്കപ്പ് യാർഡ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
