/kalakaumudi/media/media_files/2025/12/01/screenshot-2-ayalam-2025-12-01-22-22-14.png)
തിരുവനന്തപുരം: ഇ.ഡി നോട്ടീസിൽ വിശദീകരണവുമായി കിഫ്ബി സിഇഒ. ഫെമ ചട്ടം ലംഘിച്ചിട്ടില്ലെന്ന് കിഫ്ബി വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ഇഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും മസാല ബോണ്ട് വിനിയോ​ഗത്തിൽ ക്രമക്കേടില്ലെന്നും കിഫ്ബി പറയുന്നു. ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയ്യാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും കിഫ്ബി ആരോപിച്ചു. നോട്ടീസുകൾ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്. നോട്ടീസുകൾ അയച്ചത് 2021ലെ നിയമസഭാ, 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തും 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പും ആണ്. നോട്ടീസ് മാധ്യമങ്ങൾക്ക് ചോർത്തിയത് മനഃപൂർവമാണെന്നും കിഫ്ബി ആരോപിക്കുന്നു.അതേ സമയം, മസാല ബോണ്ടിൽ ഫെമ ചട്ട ലംഘനം ഉണ്ടായെന്നാണ് ഇ.ഡി വിശദീകരണം. മസാല ബോണ്ട് വഴി ശേഖരിച്ച 466. 91 കോടി രൂപ ഉപയോഗിച്ച് ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചെന്ന് എൻഫോഴ്സ്മെന്‍ർറ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തൽ. 2016 ലെ ആർ.ബി. ഐ നിർദ്ദേശങ്ങളുടെ ലംഘനം കേസിൽ കണ്ടെത്തിയെന്നാണ് ഇഡി വിശദീകരിക്കുന്നത്. ഈ വർഷം ജൂൺ 27 നാണ് ഇഡി അന്വേഷണം പൂർത്തിയാക്കി അജ്യൂഡിക്കേഷൻ അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയത്. ലണ്ടൻ സ്റ്റോക്ക് എസ്ഞ്ചേഞ്ചിലും സിംഗപ്പൂർ സ്റ്റോക്ക് എസ്ഞ്ചേഞ്ചിലും മസാല ബോണ്ട് വിതരണം ചെയ്ത് 2672.80 കോടി രൂപ ശേഖരിച്ചു . കിഫ്ബി ചെയര്‍മാൻ പിണറായി വിജയൻ, വൈസ് ചെയർമാൻ ധനമന്ത്രി തോമസ് ഐസക്, സിഇഒ കെ.എം അബ്രഹാം എന്നിവർക്ക് പുറമെ കിഫ്ബിയ്ക്കുമാണ് നവംബർ 12 ന് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിക്കുന്നവർ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ഇഡി വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
