'സിംഹഗര്‍ജനം പോലൊരാഹ്വാനം'; വിഎസ്സിന്റെ തോല്‍വി ചര്‍ച്ചയാക്കി കലാകൗമുദിയിലെ സുധാകരന്റെ കവിത

''കരളുറപ്പോടെ പോരാടിയ ജനസഭ, അതിങ്കല്‍ മുഖ്യനായ് വാണകാലം, വീണ്ടും വരുവാനായ് കൊതിച്ചുനാമെങ്കിലും യൂദാസുകള്‍ തീര്‍ത്ത പത്മവ്യൂഹം, മുന്നിലായ് കാണുവാന്‍ മുമ്പെ അറിയാതെ നഷ്ടമായ് ഏറെപ്പടക്കളങ്ങള്‍'' എന്നാണ് കവിതയില്‍ പരാമര്‍ശിക്കുന്നത്

author-image
Biju
New Update
sudhakaran

തിരുവനന്തപുരം: വി.എസിന്റെ സര്‍ക്കാരിന് തുടര്‍ച്ചയില്ലാതെ പോയത് പാര്‍ട്ടിയിലുള്ളവര്‍ തന്നെ ചതിച്ചതുകൊണ്ടാണെന്ന് വിമര്‍ശിച്ച് മുന്‍ മന്ത്രി ജി.സുധാകരന്‍ കലാകൗമുദി വാരികയില്‍ എഴുതിയ കവിത കുറച്ചൊന്നുമല്ല രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയത്. 

2011 ല്‍ വി.എസ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കാതെ പോയത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ രാഷ്ട്രീയ ചൂതുകളി നിമിത്തമാണെന്നും കവിതയിലൂടെ ജി.സുധാകരന്‍ പറഞ്ഞുവയ്ക്കുന്നു. ഇടിമുഴക്കംപോലെ ശബ്ദം സിംഹഗര്‍ജനം പോലൊരാഹ്വാനം എന്ന കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച കവിതയിലായിരുന്നു ജി. സുധാകരന്റെ ഒളിയമ്പ്.

വി.എസിനെ പരോക്ഷമായി പ്രകീര്‍ത്തിക്കുന്ന കവിതയിലെ 11 ഖണ്ഡികയിലാണ് പരാമര്‍ശമുള്ളത്. ''കരളുറപ്പോടെ പോരാടിയ ജനസഭ, അതിങ്കല്‍ മുഖ്യനായ് വാണകാലം, വീണ്ടും വരുവാനായ് കൊതിച്ചുനാമെങ്കിലും യൂദാസുകള്‍ തീര്‍ത്ത പത്മവ്യൂഹം, മുന്നിലായ് കാണുവാന്‍ മുമ്പെ അറിയാതെ നഷ്ടമായ് ഏറെപ്പടക്കളങ്ങള്‍'' എന്നാണ് കവിതയില്‍ പരാമര്‍ശിക്കുന്നത്.

കേരളത്തിലെ പാര്‍ട്ടിയുടെ ജനനവും വളര്‍ച്ചയും പോരാട്ടവുമൊക്കെ പരാമര്‍ശിക്കുന്ന കവിതയുടെ തുടക്കത്തില്‍ നിലവിലെ നേതൃത്വത്തിനെയും വിമര്‍ശിക്കുന്നുണ്ട്. ''സര്‍വപ്രതീക്ഷയുമര്‍പ്പിച്ച നമ്മുടെ സര്‍വ്വസൈന്യാധിപന്‍ പാളിയെങ്കില്‍ ഉണ്ടാകുമോ വിജയങ്ങള്‍, അണികളെ ചിന്നിച്ചിതറി നശിക്കയില്ലെ? '' എന്നാണ് സുധാകരന്റെ ഒളിയമ്പ്.

വി.എസ് പിണറായി പോര് പാരമ്യതയിലെത്തിനില്‍ക്കുന്ന സമയത്ത് വി.എസിന്റെ നേതൃത്വത്തില്‍ വീണ്ടും സര്‍ക്കാര്‍ അധികാരത്തിലെത്താതിരിക്കാനായി പാര്‍ട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തിച്ചുവെന്ന് അന്ന് ആരോപണങ്ങളുണ്ടായിരുന്നു. ഇതിനെ അടിവരയിടുന്ന തരത്തിലായിരുന്നു സുധാകരന്റെ കവിത.

v s achuthanandan