അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കാൻ ഫയൽ അദാലത്ത്

സർക്കാരിന്റെ വിവിധ മുൻഗണനാ പദ്ധതികൾ, യുവജനങ്ങളുടെ തൊഴിൽ സാധ്യതകൾ ഉയർത്തുന്നതിന് ഉപയുക്തമായ പദ്ധതികൾ, കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭ്യമാകുന്ന പദ്ധതികൾ, വിവിധ വകുപ്പുകൾ രൂപീകരിക്കുന്ന പുതിയ നയങ്ങൾ, സ്‌കീമുകൾ,

author-image
Shibu koottumvaathukkal
New Update
image_search_1751251049324

തിരുവനന്തപുരം :പൊതുജനങ്ങളുടെ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കി ഭരണനടപടികൾ കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന അദാലത്തിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2025 മെയ് 31 വരെ കുടിശികയായ ഫയലുകൾ വേഗത്തിൽ തീർപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

സർക്കാരിന്റെ വിവിധ മുൻഗണനാ പദ്ധതികൾ, യുവജനങ്ങളുടെ തൊഴിൽ സാധ്യതകൾ ഉയർത്തുന്നതിന് ഉപയുക്തമായ പദ്ധതികൾ, കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭ്യമാകുന്ന പദ്ധതികൾ, വിവിധ വകുപ്പുകൾ രൂപീകരിക്കുന്ന പുതിയ നയങ്ങൾ, സ്‌കീമുകൾ, നടപ്പ് സാമ്പത്തികവർഷം പൂർത്തിയാക്കേണ്ട വികസന പദ്ധതികൾ. ചട്ട രൂപീകരണം എന്നിവ സംബന്ധിച്ച ഫയലുകൾക്ക് മുൻഗണന നൽകിയായിരിക്കും അദാലത്ത് സംഘടിപ്പിക്കുന്നത്. അതത് വകുപ്പുകളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ വിഷയത്തിന്റെ ഗൗരവം മനസിലാക്കുകയും മുൻഗണന പട്ടിക തയാറാക്കുകയും ചെയ്യും.

അദാലത്തിന്റെ പൊതുവായ മേൽനോട്ട ചുമതല ഉദ്യോഗസ്ഥഭരണപരിഷ്‌കാര വകുപ്പിനായിരിക്കും. അദാലത്തിന്റെ സെക്രട്ടറിയേറ്റിലെ പുരോഗതി വിലയിരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പിലെ സ്പെഷ്യൽ/ അഡീഷണൽ ജോയിന്റ് സെക്രട്ടറിക്ക് ചുമതല നൽകും.

മന്ത്രിമാർ ഫയൽ അദാലത്തിന്റെ പുരോഗതി രണ്ടാഴ്ചയിലൊരിക്കൽ വിലയിരുത്തും. ഫയൽ അദാലത്ത് കൃത്യമായി നടക്കുന്നുണ്ടെന്ന് എല്ലാ മന്ത്രി ഓഫീസുകളും നേരിട്ട് നിരീക്ഷിക്കുകയും ഉറപ്പു വരുത്തുകയും ചെയ്യും. മന്ത്രിമാരുടെ ഓഫീസിൽ ഇതിനായി പ്രത്യേകം ചുമതല നൽകും.

2025 സെപ്റ്റംബർ 15നകം തീർപ്പാക്കിയ ഫയലുകളുടെ വിവരം വകുപ്പ് സെക്രട്ടറിമാർ മന്ത്രിമാർക്ക് സമർപ്പിക്കും. എല്ലാ വകുപ്പുകളുടെയും സമാഹൃത കണക്കുകൾ സെപ്റ്റംബർ 20നകം മുഖ്യമന്ത്രിക്ക് ലഭ്യമാക്കും. ഓരോ വകുപ്പിലും നോഡൽ ഓഫീസർമാരെ നിയോഗിക്കും. ഐ.ടി. വകുപ്പിന്റെ സഹായത്തോടെ വിവരങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും.

kerala governement