കോഴിക്കോട് : കോഴിക്കോട് ബൈപാസിനടുത്തുള്ള ആഡംബര റിസോർട്ടിലെ പാർക്കിംഗ് ഏരിയയിൽ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി.കാളികാവ് സ്വദേശി മുഹമ്മദ് ഷബീബിൻ്റേതാണ് മൊഴി. പിടിച്ചെടുത്ത എം.ഡി.എം.എ സിനിമാ നടിമാർക്ക് നൽകാനായിരുന്നു പദ്ധതിയെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഹോട്ടലിൻ്റെ പാർക്കിംഗ് സ്ഥലത്ത് എംഡിഎംഎ എടുക്കാൻ എറണാകുളത്ത് നിന്ന് രണ്ട് സിനിമാ നടിമാർ വരുമെന്നും അത് അവർക്ക് കൈമാറാനാണ് ഇയാൾ എത്തിയതെന്നും പോലീസിന് മൊഴി നൽകി.എന്നാൽ ഏത് നടിമാർക്കാണ് ഇത് നല്കേണ്ടതെന്നുള്ള വിവരം ഷബീബിന് അറിയില്ലെന്നാണ് പൊലീസിൻ്റെ നിഗമനം.ഷബീബിൽ നിന്ന് 510 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനക്കിടെയാണ് ചൊവ്വാഴ്ച വൈകിട്ട് സിന്തറ്റിക് മയക്കുമരുന്ന് പിടികൂടിയത്.
ഒമാനിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് ഷബീബ് രണ്ട് മാസം മുമ്പായിരുന്നു നാട്ടിലെത്തിയത്.ചെമ്മാട് സ്വദേശി അബു താഹിറാണ് ഷബീബ് പറഞ്ഞ പ്രകാരം വിദേശത്ത് നിന്ന് എംഡിഎംഎ കൊണ്ടുവന്നത്.കരിപ്പൂർ വിമാനത്താവളം വഴിയാണ് പാൽപ്പൊടി പാക്കറ്റിനുള്ളിൽ ഒമാനിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള മയക്കുമരുന്ന് കടത്തിയത്.തുടർന്ന് മയക്കുമരുന്ന് കടത്തിയ കാർ ഷബീബിന് കൈമാറുകയായിരുന്നു.കാർ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ന്യൂ ഇയർ പാർട്ടി ഉന്നമിട്ടാണ് സംഘം മയക്കുമരുന്ന് കൊച്ചിയിലും ഗോവയിലും വിൽപനയ്ക്കായി എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.കൊണ്ടോട്ടി ഡിവൈഎസ്പിയും സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും പ്രതികളെ ചോദ്യം ചെയ്തുവരികയാണ്