financial fraud complaint against rdx movie producer
കൊച്ചി: മഞ്ഞുമ്മൽ ബോയ്സിനു പിന്നാലെ ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി.വാഗ്ദാനം ചെയ്ത പണം നൽകിയില്ല എന്ന് ആരോപിച്ച് തൃപ്പൂണിത്തുറ സ്വദേശി അഞ്ജന എബ്രഹാമാണ് പൊലീസിൽ പരാതി നൽകിയത്.
ആർഡിഎക്സ് നിർമാതാക്കളായ സോഫിയ പോൾ ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് പരാതി.സിനിമക്കായി ആറുകോടി രൂപ നൽകിയെന്നും. ലാഭത്തിന്റ 30 ശതമാനം വാഗ്ദാനം ചെയ്തിട്ടും പണമൊന്നും നൽകിയില്ലെന്നുമാണ് പരാതി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന് കീഴിൽ സോഫിയ പോൾ നിർമ്മിച്ച ചിത്രമാണ് ആർഡിഎക്സ്. ഷെയ്ൻ നിഗം, ആൻ്റണി വർഗീസ്, നീരജ് മാധവ് എന്നിവർക്കൊപ്പം ബാബു ആൻറണി, ലാൽ, മഹിമ നമ്പ്യാർ, ഐമ റോസ്മി സെബാസ്റ്റ്യൻ, മാലാ പാർവതി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചത്.
2023 ഓഗസ്റ്റ് 25-ന്, ഓണക്കാലത്താണ് ആർഡിഎക്സ് റിലീസ് ചെയ്തതത്. ലോകമെമ്പാടും 84 കോടിയും കേരളത്തിൽ നിന്ന് 50 കോടിയും ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമായ മഞ്ഞുമ്മൽ ബോയ്സിൻറെ നിർമ്മാതക്കൾക്കെതിരെയും സമാന ആരോപണം വന്നിരുന്നു. നിർമ്മാണത്തിന് പണം വാങ്ങിയ ശേഷം പണമോ ലാഭ വിഹിതമോ നൽകിയില്ലെന്നായിരുന്നു ആരോപണം.