ശബരിമലയിലെ സാമ്പത്തിക ക്രമക്കേട് ;ദിവസവേതനക്കാര്‍ക്കെതിരെ അന്വേഷണം

ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ പേരിലാണ് ജീവനക്കാർ പലരും പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. അനധികൃതമായി പണം സമ്പാദിച്ച അഞ്ചു പേരെ ദേവസ്വം വിജിലൻസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് നിഗമനം

author-image
Devina
New Update
sabarimala-temple

തിരുവനന്തപുരം: ശബരിമലയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരിശോധന ദിവസ വേതനക്കാരിലേക്കും. ദിവസ വേതനക്കാർക്കുള്ള പ്രതിഫലം സീസൺ അവസാനിച്ച ശേഷമാണ് നൽകുന്നതെന്നിരിക്കെ പലരും പ്രതിദിനം പണം കൈമാറ്റം നടത്തിയെന്ന കണ്ടെത്തലാണ് പരിശോധനയ്ക്ക് പിന്നിൽ. സന്നിധാനത്തെ 2 ബാങ്കുകളും പോസ്റ്റ് ഓഫിസും വഴി ദിവസവേതനക്കാർ ഇടപാടുകൾ നടത്തിയിരുന്നു എന്ന കണ്ടെത്തലാണ് നടപടിക്ക് പിന്നിൽ.

ഈ സാഹചര്യത്തിൽ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ദേവസ്വം വിജിലൻസ്.കാണിക്ക പരിപാലനം ഉൾപ്പെടെ വിവിധ ജോലികൾക്കായി നൂറിലേറെ പേരാണ് സന്നിധാനത്ത് ദിവസ വേതനക്കാരായി പ്രവർത്തിക്കുന്നത്.

 ഇവരിൽ പലരും പോസ്റ്റ് ഓഫിസ് വഴി പ്രതിദിനം 6,000 രൂപ വരെ കൈമാറ്റം നടത്തിയെന്നാണ് കണ്ടെത്തൽ. പോസ്റ്റ് ഓഫീസ് ജീവനക്കാർ നൽകിയ വിവരങ്ങൾ അനുസരിച്ചാണ് ദേവസ്വം വിജിലൻസ് ഇക്കാര്യം പരിശോധിക്കാൻ ആരംഭിച്ചത്. ജീവനക്കാർ കൈമാറിയ നോട്ടുകളിൽ ഭസ്മം, കുങ്കുമം എന്നിവയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് പോസ്റ്റ് ഓഫീസ് ജീവനക്കാർ വിജിലൻസിന് നൽകിയ വിവരം.

ഈ സാഹചര്യത്തിൽ സന്നിധാനത്ത് പ്രവർത്തിക്കുന്ന എസ്ബിഐ, ധനലക്ഷ്മി ബാങ്കുകളുടെ ശാഖകളിൽ നിന്നും വിജിലൻസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രുപയുടെ ഇടപാടുകൾ നടത്തിയവരുടെ പട്ടിക ശേഖരിച്ചാണ് അന്വേഷണം.

 ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ പേരിലാണ് ജീവനക്കാർ പലരും പണം കൈമാറ്റം ചെയ്തിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. അനധികൃതമായി പണം സമ്പാദിച്ച അഞ്ചു പേരെ ദേവസ്വം വിജിലൻസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് നിഗമനം.