കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ ആംബുലൻസും ഫയർഫോഴ്സിൻറെ ഫയർഎഞ്ചിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് ദാരുണാന്ത്യം.ഇന്നലെ രാത്രി 11 ന് കണ്ണൂർ തലശ്ശേരിയിലാണ് അപകടം ഉണ്ടായത്.ആംബുലൻസ് ഡ്രൈവറായ ഏഴാം കൊട്ടിൽ സ്വദേശി മിഥുനാണ് മരിച്ചത്.
പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ് തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാനായി പോവുകയായിരുന്ന ഫയർഫോഴ്സിൻറെ ഫയർഎഞ്ചിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ആംബുലൻസ് തകർന്നു. ഫയർഎഞ്ചിൻറെ മുൻഭാഗത്തെ ചില്ല് ഉൾപ്പെടെ തകർന്നു. ആംബുലൻസിലുണ്ടായിരുന്ന മൃതദേഹം പിന്നീട് മറ്റൊരു ആംബുലൻസെത്തിച്ച് മാറ്റുകയായിരുന്നു.