കോഴിക്കോട്: ഒരു മണിക്കൂറോളം തൊണ്ടയാട് കുമാരൻ നായർ റോഡിലെ അപാർട്മെന്റിലെ ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. തൊണ്ടയാട് സ്വദേശി ധനലക്ഷ്മിയെ ആണ് രക്ഷപ്പെടുത്തിയത്. സാങ്കേതിക തകരാർ കാരണം ലിഫ്റ്റിൽ കുടുങ്ങിയ ധനലക്ഷ്മി ഏറെ നേരം ആൾക്കാരെ വിളിച്ചെങ്കിലും ആരും വിളി കേട്ടില്ല. പിന്നീട് ശബ്ദം കേട്ട് സമീപത്തെ അപാർട്മെന്റിൽ താമസിക്കുന്നയാൾ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് ധനലക്ഷ്മി ലിഫ്റ്റിൽ കുടുങ്ങിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ. ബിനീഷിന്റെ നേതൃത്വത്തിൽ വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന ധനലക്ഷ്മിയെ രക്ഷപ്പെടുത്തി.