വൈകിട്ട് വരെ 70.28 ശതമാനം പോളിങ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

author-image
Biju
Updated On
New Update
booth

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ട് വൈകിട്ട് ഏഴുവരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരം- 66.53 ശതമാനം, കൊല്ലം-69.08 ശതമാനം, പത്തനംതിട്ട-66.35 ശതമാനം, ആലപ്പുഴ- 73.32 ശതമാനം, കോട്ടയം- 70.33 ശതമാനം, ഇടുക്കി- 70.98 ശതമാനം, എറണാകുളം-73.96 ശതമാനം.  പോളിങാണ് രേഖപ്പെടുത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നിവിടങ്ങളില്‍ ത്രിതല പഞ്ചായത്തുകളും നഗരസഭകളും ഉള്‍പ്പെടെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 

36,630 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് പോളിങ്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15,432 പോളിങ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. 

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 480 പ്രശ്‌നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളില്‍ പ്രത്യേക പൊലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയും ഉണ്ടാകും. വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പൊലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

അതിനിടെ, സംസ്ഥാനത്തെ വടക്കന്‍ മേഖലയിലെ ഏഴ് ജില്ലകളിലെ പരസ്യപ്രചാരണം ഇന്നലെ വൈകീട്ട് കൊട്ടിക്കലാശത്തോടെ 6 മണിക്ക്അവസാനിച്ചു. വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ് ഡിസംബര്‍ 11-നാണ് നടക്കുക. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദവും ശബരിമല സ്വര്‍ണ്ണക്കൊള്ളയുമടക്കംമുള്ള പ്രധാന ചര്‍ച്ചാവിഷയങ്ങളായി.

ശബരിമല സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചാവിഷയമാകുന്നതിനിടെ ഉയര്‍ന്നുവന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം തിരിച്ചടിയാകില്ലെന്നാണ് യുഡിഎഫ്. വിലയിരുത്തല്‍. തിരുവനന്തപുരം, കൊല്ലം, കൊച്ചി കോര്‍പ്പറേഷനുകളിലുള്‍പ്പെടെ ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന എല്‍ ഡി എഫും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് കൊച്ചിയില്‍ ചര്‍ച്ചാവിഷയം.

കനത്ത ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ഇത്തവണ പ്രവചനാതീതമാണ്. സി പി എമ്മിനും ബി.ജെ.പിക്കും കോണ്‍ഗ്രസിനുമായി പ്രമുഖര്‍ രംഗത്തിറങ്ങിയതോടെ വലിയ വാശിയാണ് പ്രകടമാകുന്നത്. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിലെ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. സ്വര്‍ണ്ണക്കൊള്ള കേസ് വിധിയെഴുത്തിനെ സ്വാധീനിക്കുമെന്ന ആശങ്കയും പ്രതീക്ഷയും മുന്നണികളില്‍ പ്രകടമാണ്. ഇരു ഘട്ടങ്ങളിലെയും വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം ശനിയാഴ്ച നടക്കും.

  • Dec 09, 2025 19:43 IST

    ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വോട്ടുചെയ്യുന്നു

    gov



  • Dec 09, 2025 17:51 IST

    കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

    കൊല്ലത്ത് വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



  • Dec 09, 2025 17:51 IST

    കാലടിയില്‍ വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

    കൊച്ചി: പോളിംഗ് ബൂത്തില്‍ വച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്. പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



  • Dec 09, 2025 13:48 IST

    ദിലീപും കാവ്യാ മാധവനും വോട്ട് രേഖപ്പെടുത്തി. ആലുവ സെന്റ് ഫ്രാന്‍സിസ് എല്‍ പി സ്‌കൂളിലെ ബൂത്തിലാണ് ഇരുവരും എത്തിയത്.

    dileep



  • Dec 09, 2025 09:20 IST

    ഇക്കുറി വോട്ടിന് മമ്മൂട്ടിയില്ല

    കൊച്ചി: നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ് നടക്കവെയാണ് മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല എന്ന വാര്‍ത്ത പുറത്തുവരുന്നത്. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് വോട്ട് ചെയ്യാനാവില്ല. പൊന്നുരുന്നിയിലെ സികെസി എല്‍പി സ്‌കൂളിലെ നാലാം ബൂത്തിലായിരുന്നു കഴിഞ്ഞ തവണ വരെ മമ്മൂട്ടി വോട്ട് ചെയ്തിരുന്നത്.

    mammootty



  • Dec 09, 2025 09:18 IST

    'തിരുവനന്തപുരം തിലകമണിയും, ഭൂരിപക്ഷം ജനങ്ങള്‍ തീരുമാനിക്കും'; തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന് സുരേഷ് ഗോപി

    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം തിലകമണിയുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബിജെപിക്ക് വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം ജനങ്ങള്‍ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരണം ബിജെപിക്ക് തന്നെ കിട്ടുമെന്ന പ്രതീക്ഷയാണ് വോട്ടെടുപ്പ് ദിനത്തില്‍ സുരേഷ് ഗോപി പ്രകടിപ്പിച്ചത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ എത്തിയത് ആദ്യത്തെ വോട്ടര്‍ ആകാനാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

    നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 'ഈ സംഭവത്തില്‍ മുന്‍പും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്. കോടതി വിധി പറയട്ടെ, അത് അംഗീകരിക്കണം. അത് അംഗീകരിക്കുക എന്നത് എല്ലാവര്‍ക്കും ബാധകമാണ്.' സുരേഷ് ഗോപി വ്യക്തമാക്കി.

    suresh gopi



  • Dec 09, 2025 09:07 IST

    രാവിലെ 8 വരെയുള്ള വോട്ടിങ് ശതമാനം

    തിരുവനന്തപുരം 6.74%

    കൊല്ലം 7.3%

    പത്തനംതിട്ട 7.2%

    ആലപ്പുഴ 7.78%

    കോട്ടയം 7.51%

    ഇടുക്കി 6.84%

    എറണാകുളം 7.88%



  • Dec 09, 2025 09:06 IST

    നടന്‍ ആസിഫ് അലിയും സഹോദരന്‍ അസ്‌കര്‍ അലിയും വോട്ട് രേഖപ്പെടുത്താന്‍ തൊടുപുഴ കുംഭംകല്ല് ബി.റ്റി.എം സ്‌കൂളില്‍ എത്തിയപ്പോള്‍

    asif



  • Dec 09, 2025 09:04 IST

    സീതത്തോട് വാലുപാറ ബൂത്തിലെ രണ്ടാം പോളിങ് ഓഫിസര്‍ കുഴഞ്ഞു വീണു

    valupara



  • Dec 09, 2025 07:11 IST

    എറണാകുളത്ത് സ്ഥാനാര്‍ഥി അന്തരിച്ചു

    എറണാകുളം ജില്ലയിലെ പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി സി.എസ്. ബാബു അന്തരിച്ചു. വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സ്ഥാനാര്‍ഥിയുടെ വിയോഗം. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ഈ വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കും..

    നേരത്തെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലെയും മലപ്പുറം എടക്കര മൂത്തേടം പഞ്ചായത്തിലെയും സ്ഥാനാര്‍ഥികള്‍ മരിച്ചതിനെത്തുടര്‍ന്ന് അവിടങ്ങളിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.



kerala election