കുരീപ്പുഴയില്‍ അഷ്ടമുടിക്കായലില്‍ മത്സ്യബന്ധനബോട്ടുകള്‍ക്ക് തീപിടിച്ചു

ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കാരണം വ്യക്തമായിട്ടില്ല. തമിഴ്‌നാട് സ്വദേശികളുടെ ബോട്ടുകളാണ് നശിച്ചവയിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ടുകൾ.

author-image
Devina
New Update
ashtamudi

കൊല്ലം: കുരീപ്പുഴയിൽ അഷ്ടമുടിക്കായലിൽ മത്സ്യബന്ധനബോട്ടുകൾക്ക് തീപിടിച്ചു. തീരത്ത് കെട്ടിയിട്ടിരുന്ന 10 ബോട്ടുകൾ കത്തിനശിച്ചു.

 കുരീപ്പുഴ പള്ളിക്ക് സമീപം അയ്യൻകോവിൽ ക്ഷേത്രത്തിനടുത്തായാണ് ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ അഗ്നിബാധ ഉണ്ടായത്.

6 യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

 ഭക്ഷണം പാകം ചെയ്യുന്നതിനിടയിലാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കാരണം വ്യക്തമായിട്ടില്ല.

 തമിഴ്‌നാട് സ്വദേശികളുടെ ബോട്ടുകളാണ് നശിച്ചവയിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ടുകൾ.

നിരവധി ബോട്ടുകളും ഒരു ഫൈബർ വള്ളവും അടുപ്പിച്ച സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. 

തീപടർന്നതോടെ 8 ബോട്ടുകൾ സ്ഥലത്തുനിന്ന് മാറ്റാനായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

സമീപത്തുള്ള ചീനവലകൾക്കും തീപിടിച്ചിട്ടുണ്ട്.രാത്രി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപടർന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.

 രക്ഷാപ്രവർത്തനം വൈകിയതും നാശനഷ്ടം വർധിപ്പിച്ചു.

 പ്രദേശത്തേക്ക് വഴിയില്ലാത്തതും പൊലീസ് ഉൾപ്പെടെയുള്ളവരെ പ്രദേശത്ത് എത്തുന്നത് വൈകിപ്പിച്ചു.

 പാചകവാതകത്തിന്റെ സാന്നിധ്യം മൂലം ബോട്ടുകൾ വേഗത്തിൽ പൂർണമായി കത്തി. പലതും വെള്ളത്തിലേക്ക് താഴ്‌ന്നെന്നും നാട്ടുകാർ പറയുന്നു.

നവംബർ 22ന് സമാനമായ കുരീപ്പുഴയിൽ ഉണ്ടായിരുന്നു. അന്ന് രണ്ട് മത്സ്യബന്ധനബോട്ടുകൾക്കാണ് തീപിടിച്ചത്.

ആന്ധ്രാസ്വദേശികളായ രണ്ട് പേർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തിരുന്നു.