പ്രളയ ഫണ്ട് തട്ടിപ്പ്​ : വിഷ്ണു പ്രസാദിനെ സർവ്വീസിൽ നിന്നും നീക്കം ചെയ്തു.

2018ലെ പ്രളയവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം കളക്ടറേറ്റ് ജീവനക്കാരൻ കാക്കനാട്ടെ സി.പി.എം പ്രാദേശിക നേതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് കേസ്. ദുരിതബാധിതർക്ക് പണം അനുവദിച്ചതിൽ ഇരട്ടിപ്പ് കണ്ടെത്തി തിരിച്ചുപിടിച്ച തുകയാണ് സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

author-image
Shyam Kopparambil
New Update
Screenshot 2025-07-15 at 19-30-18 (1) Facebook

തൃക്കാക്കര: എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളം കളക്ടറേറ്റിലെ ക്ലാർക്ക് വിഷ്ണു പ്രസാദിനെ സർവ്വീസിൽ നിന്നും നീക്കം ചെയ്തു. 2018 ആഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തെ തുടർന്ന് എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേട് നടത്തിയതുമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സർവ്വീസിൽ നിന്നും നീക്കം ചെയ്‌തതായി ലാന്റ് റവന്യൂ കമ്മീഷണ ഉത്തരവിടുകയായിരുന്നു.അഞ്ച് വർഷമായി വിഷ്ണു സസ്പെൻഷനിലായിരുന്നു.

 

പ്രധാന കണ്ടെത്തലുകളിൽ ചിലത്

 

എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ധനസഹായം അനുവദിക്കപ്പെട്ട 661 ഗുണഭോക്താക്കൾക്ക് 2019 ജനുവരി 24 ജില്ലാ കളക്ടർ സാക്ഷ്യപ്പെടുത്തിയ നടപടിപ്രകാരം 66,10,000/- രൂപ അനുവദിച്ചിരുന്നെങ്കിലും 67,10,000/ രൂപ മാറിയിട്ടുള്ളതും അനധികൃതമായി മാറിയ 1,00,000/ രൂപ വിഷ്ണുപ്രസാദ് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി.

 

ജില്ലാ കളക്ടറുടെ 2019 ജനുവരി 14 തീയതിയിലെ നടപടിക്രമത്തിൽ ഉൾപ്പെട്ട 729 ഗുണഭോക്താക്കൾക്കായി അനുവദിച്ചത് 72,90,000/- രൂപയായിരുന്നെങ്കിലും അനധികൃതമായി 74,70,000- രൂപ മാറിയിട്ടുള്ളതും അധികമായ 1,80,000/- രൂപ വിഷ്ണു പ്രസാദ് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി.

 

ജില്ലാ കളക്ടറുടെ 2019 ജനുവരി 25 തീയതിയിലെ നടപടിക്രമത്തിൽ 10 ഗുണഭോക്താക്കൾക്ക് അനുവദിക്കേണ്ട തുക ഒരു കോടി രൂപ ആയിരുന്നെങ്കിലും ഒരു കോടി തൊണ്ണൂറായിരം രൂപ മാറിയിട്ടുള്ളതും കൂടുതലായി മാറിയ തൊണ്ണൂറായിരം രൂപ വിഷ്ണു സ്വന്തം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുള്ളതുമാണ്. ടി ബില്ലുകൾ എല്ലാം വിഷ്ണുപ്രസാദ് തന്നെയാണ് തയ്യാറാക്കിയിട്ടുള്ളത്.

 

പ്രളയദുരിതാശ്വാസ തുക വിതരണം ചെയ്ത ഡേറ്റകൾ പരിശോധിച്ചതിൽ 23 ട്രാൻസാക്ഷനുകൾ പ്രതി കൃത്രിമമായി നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുള്ളതും ഇതിൽ 11 ട്രാൻസാക്ഷനുകൾ വിഷ്ണുവിന്റെ പേരിലുളള അക്കൗണ്ടിലേക്കും മറ്റു ട്രാൻസാക്ഷനുകൾ ടിയാനുമായി ബന്ധമുള്ള വിവിധ വ്യക്തികളുടെ അക്കൗണ്ടിലേക്കും മാറ്റപ്പെട്ടതാണെന്ന് കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

 

തട്ടിപ്പ് ഇങ്ങനെ

 

2018ലെ പ്രളയവുമായി ബന്ധപ്പെട്ടുള്ള ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പണം കളക്ടറേറ്റ് ജീവനക്കാരൻ കാക്കനാട്ടെ സി.പി.എം പ്രാദേശിക നേതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നതാണ് കേസ്. ദുരിതബാധിതർക്ക് പണം അനുവദിച്ചതിൽ ഇരട്ടിപ്പ് കണ്ടെത്തി തിരിച്ചുപിടിച്ച തുകയാണ് സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ തിരിച്ചു പിടിച്ച പണമാണ് ദുരിതാശ്വാസ അക്കൗണ്ടിലേക്ക് തിരികെ മാറ്റാതെ തട്ടിപ്പ് നടത്തിയത്. പ്രളയ ദുരിതാശ്വാസ സഹായത്തിന് അപേക്ഷ പോലും നൽകാത്ത സി.പി.എം. തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റിയംഗംത്തിന്റെ അക്കൗണ്ടിലേക്ക് ദുരിതാശ്വാസ സെക്ഷൻ ക്ലർക്ക് വിഷ്ണുപ്രസാദാണ് അഞ്ചു തവണയായി 10.54 ലക്ഷം രൂപ നിക്ഷേപിച്ചത്. ഇത് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് കളക്ടർ വിഷ്ണുപ്രസാദിനെ സസ്‌പെൻഡ് ചെയ്തിരുന്നു. 2019 മാർച്ച് മാസത്തിൽ 325 ദുരിതബാധിതർക്ക് പണം അനുവദിച്ചതിലാണ് ഇരട്ടിപ്പ് കണ്ടെത്തിയത്. ഈ തുക ജില്ലാ ഭരണകൂടം തിരിച്ചുപിടിക്കുകയും ചെയ്തിരുന്നു. തുക ട്രഷറി അക്കൗണ്ടിലേക്കെത്തിയെങ്കിലും തുടർ ഇടപാടുകൾ ഒഴിവാക്കുന്നതിനായി തുക മരവിപ്പിക്കുകയോ, ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചെടുക്കുകയോ ചെയ്തിരുന്നില്ല. ഈ വിവരം ഫയലുകളിൽ പ്രളയ ദുരിതാശ്വാസ സെക്ഷൻ ക്ലർക്ക് വിഷ്ണുപ്രസാദ് രേഖപ്പെടുത്തുകയും ചെയ്തില്ല. ഫലത്തിൽ രേഖകളിൽ പെടാത്ത പണത്തിൽ നിന്നാണ് സഹകരണ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടത്. സാമ്പത്തിക സഹായം നൽകുന്ന സംവിധാനത്തിലെ പിഴവ് മനസ്സിലാക്കിയാണ് വിഷ്ണുപ്രസാദ് പണം തിരിമറി നടത്തിയത്. സഹകരണ ബാങ്കിന്റെ അക്കൗണ്ടിൽ 10,54,000 രൂപയുടെ സംശയാസ്പദമായ അഞ്ച് ഇടപാടുകൾ സംബന്ധിച്ച് ഫെബ്രുവരി രണ്ടിനാണ് കളക്ടർക്ക് വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിൽ അതീവ രഹസ്യമായി അന്വേഷണമാണ് വഴിത്തിരിവായത്.

 

Flood fund fraud