food poisoning from kuzhimanthi in thrissur
തൃശ്ശൂർ: തൃശ്ശൂരിൽ കുഴിമന്തി കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് മരിച്ചത്.പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം.പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റത്.
ഉസൈബയുടെ വീട്ടിലേക്ക് ഇവിടെ നിന്നും കുഴിമന്തി പാഴ്സൽ വാങ്ങിക്കഴിക്കുകയായിരുന്നു.കുഴിമന്തിക്കൊപ്പമുള്ള മയോണൈസിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. തിങ്കളാഴ്ച രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടർന്ന് ഇവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ഇവരുടെ ബന്ധുക്കളായ 3 പേർ ഇപ്പോഴും ചികിത്സയിലാണ്.
178 പേരാണ് ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. പെരിഞ്ഞനം വടക്കേ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നും കുഴിമന്തിയടക്കമുള്ള ഭക്ഷണങ്ങൾ കഴിച്ചവർക്കാണ് വിഷബാധയേറ്റത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും ഹോട്ടലിൽ പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചിരുന്നു. ഇവിടെ നിന്നും സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് കൊണ്ടുപോയെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.