തൃക്കാക്കര : തൃക്കാക്കര കെ.എം.എം കോളേജിലെ എൻ.സി.സി ക്യാമ്പിൽ തിങ്കളാഴ്ചയുണ്ടായ ഭക്ഷ്യവിഷബാധയെക്കുറിച്ച് എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി അന്വേഷിക്കും. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും എൻ.സി.സി. ഒഫീഷ്യേറ്റിങ് അഡീഷണൽ ഡയറക്ടർ ജനറൽ നിർദേശിച്ചു. കുട്ടികളിൽ ഏഴ് പേരൊഴികെ എല്ലാവരെയും ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ക്യാമ്പ് 26ന് പുനരാരംഭിക്കും. മടങ്ങിപ്പോയവരാേട് വ്യാഴാഴ്ച രാവിലെ റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചു. എൻ.സി.സി സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ക്യാമ്പ് പൂർത്തിയാക്കേണ്ടതുണ്ട്. 30 വരെയാണ് ദശദിന കംബയിൻഡ് വാർഷിക ട്രെയിനിംഗ് ക്യാമ്പ് നിശ്ചയിച്ചിരുന്നത്.
ഒമ്പതാം ക്ലാസ് മുതൽ കോളേജ് തലം വരെയുള്ള 21കേരള ബറ്റാലിയനിലെ 513 കേഡറ്റുകളാണ് ക്യാമ്പിലുണ്ടായിരുന്നത്. 235 പേർ പെൺകുട്ടികളാണ്. ഉൗണിന് ശേഷം ഛർദിയും വയറുവേദനയും ഉണ്ടായ 80ഓളം കുട്ടികളെ എറണാകുളം മെഡിക്കൽ കോളേജ്, സൺറൈസ്, ബി ആൻഡ് ബി ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.
11 പേർക്കെതിരെ കേസ്
ഭക്ഷ്യവിഷബാധയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാത്രി ക്യാമ്പിൽ അതിക്രമിച്ചു കയറിയതിന് 11 പേർക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഭാഗ്യലക്ഷ്മിയാണ് ഒന്നാം പ്രതി. എസ്.എഫ്.ഐ പ്രവർത്തകൻ ആദർശ്, ബി.ജെ.പി കളമശേരി നഗരസഭാ കൗൺസിലർ പ്രമോദ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. ഭാഗ്യലക്ഷ്മി അപമര്യാദയായി പെരുമാറിയെന്ന് ക്യാമ്പിലെ വിദ്യാർത്ഥിനികൾ പരാതി പറഞ്ഞിരുന്നു.
രാത്രി വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളെ ക്യാമ്പിൽ കയറ്റാതെ ഗേറ്റുകൾ പൂട്ടിയതും ലൈറ്റുകൾ ഓഫാക്കിയതും വിവരങ്ങൾ നൽകാതിരുന്നതുമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ഇവർ ഗേറ്റുകൾ തകർത്ത് അകത്ത് കയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തൃക്കാക്കര എ.സി.പി പി.വി. ബേബിയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. രാത്രി തന്നെ ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ കോളേജിലെ പാചകശാല പരിശോധിച്ച് സാമ്പിളുകളും കാമ്പസിലെ കിണറ്റിലെ വെള്ളവും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.