കൊല്ലം: മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാംപ്രതി അജ്മലിനെതിരേ കൂട്ടുപ്രതി ഡോ. ശ്രീക്കുട്ടിയുടെ മൊഴി. സ്‌കൂട്ടർ യാത്രക്കാരിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അജ്മൽ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചതാണെന്നുമാണ് ശ്രീക്കുട്ടി പോലീസിന്റെ ചോദ്യംചെയ്യലിൽ പറഞ്ഞത്. തന്റെ സ്വർണാഭരണങ്ങളും പണവും അജ്മൽ കൈക്കലാക്കിയെന്നും ശ്രീക്കുട്ടി മൊഴി നൽകിയിട്ടുണ്ട്.
സ്‌കൂട്ടറിൽ ഇടിച്ചതിന് ശേഷം യാത്രക്കാരി കാറിനടിയിൽ കുടുങ്ങിയതായി തനിക്ക് അറിയില്ലായിരുന്നു. കാർ മുന്നോട്ടെടുക്കാനും അജ്മലിനോട് ആവശ്യപ്പെട്ടിട്ടില്ല. താൻ കാർ മുന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടു എന്നത് അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രമാണ്.
ആറുമാസത്തിനിടെ സ്വർണാഭരണങ്ങളും 20 ലക്ഷത്തോളം രൂപയും അജ്മൽ കൈക്കലാക്കിയിരുന്നു. ഇത് തിരികെവാങ്ങാനായാണ് അജ്മലിനൊപ്പംനിന്നത്. ഇതിനിടെ ഇയാൾ പലതവണ നിർബന്ധിച്ച് ലഹരി നൽകി. ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിച്ചു. അപകടത്തിൽ തന്റെ ഭാഗത്തുനിന്ന് ഒരു കുറ്റവും സംഭവിച്ചിട്ടില്ല. സംഭവദിവസം സുഹൃത്തിന്റെ വീട്ടിൽവെച്ച് അജ്മൽ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചെന്നും ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞു.
മൈനാഗപ്പള്ളി അപകടത്തിൽ പ്രതികളായ അജ്മലിനെയും ഡോ. ശ്രീക്കുട്ടിയെയും രണ്ടുദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽവിട്ടത്. തുടർന്ന് പോലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യുകയായിരുന്നു. ശാസ്താംകോട്ട ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ ശനിയാഴ്ചയും ഇരുവരെയും ചോദ്യംചെയ്യും.