/kalakaumudi/media/media_files/2025/07/22/alp-2025-07-22-16-38-34.jpg)
തിരുവനന്തപുരം: ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ജനസാഗരത്തിനിടയിലൂടെ ജനകീയ നേതാവിന്റെ വിലാപയാത്ര കടന്നുപോകുന്നു. കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസിലാണ് വിഎസിന്റെ ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് ഭൗതികശരീരം വാഹനത്തിലേക്ക് കയറ്റി യാത്ര തുടങ്ങി രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ അഞ്ച് കിലോമീറ്റര്‍ മാത്രമാണ് പിന്നിട്ടത്. നിലവിലെ സ്ഥിതിയില്‍, വിലാപയാത്ര തിരുവനന്തപുരം ജില്ല കടക്കാന്‍ അര്‍ധരാത്രിയാകും. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞിരിക്കുന്ന ജനങ്ങള്‍ക്കു നടുവിലൂടെ വളരെ മെല്ലെയാണ് വിലാപയാത്ര കടന്നുപോകുന്നത്.
സെക്രട്ടറിയറ്റില്‍ നിന്നും ഉച്ച കഴിഞ്ഞ് 2.30ന് ആരംഭിച്ച വിലാപയാത്ര അടുത്ത കേന്ദ്രമായ പാളയത്ത് എത്തിച്ചേരുന്നത് 2.50ഓടെയാണ്. വഴിയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ നാനാ തുറകളില്‍ നിന്നുമുള്ള ആളുകള്‍ ആ ജനകീയ നേതാവിനൊപ്പം അണി ചേരുകയാണ്. വി എസ് തന്റെ ജീവിത്തിന്റെ എല്ലാ ഘട്ടവും ജനങ്ങള്‍ക്കൊപ്പമായിരുന്നു. അതിന് തെളിവാണ് കഴിഞ്ഞ മണിക്കൂറുകളിലായി കേരളം സാക്ഷ്യം വഹിക്കുന്നത്.
വിയോഗ വാര്‍ത്തയറിഞ്ഞതു മുതല്‍ എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിലും തുടര്‍ന്ന് ഇന്ന് പൊതുദര്‍ശനം നടന്ന ദര്‍ബാര്‍ഹാളിലും തടിച്ചുകൂടിയ അനേകായിരങ്ങളുടെ ചിത്രമാണ് വി എസ് എന്ന ചോദ്യത്തിന്റെ ഉത്തരം. ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച പോരാട്ടങ്ങളുടെ നേതാവിനെ വിട്ടുപിരിയാന്‍ ആ ജനങ്ങളും തയാറായിരുന്നില്ല. വി എസിനെ നെഞ്ചിലേറ്റിയ അനേകം അനേകമാളുകളാണ് റോഡിന്റെ ഇരു വശവും കാത്തു നില്‍ക്കുന്നത്. എത്ര മണിക്കൂറുകള്‍ പിന്നിട്ടാലും പ്രിയ നേതാവിനെ ഒരു നോക്കു കാണാതെ മടങ്ങനാവില്ല എന്നുറപ്പിക്കുകയാണ് ജനങ്ങള്‍.
നയങ്ങളിലും നിലപാടുകളിലുമുറച്ച് അടിസ്ഥാന വര്‍ഗത്തിന്റെ നീതിക്കായി നടന്ന പോരാട്ടങ്ങളുടെ വീര്യമാണ് വി എസ്. ധീരമായ ആ ശബ്ദത്തിന്റെ മുഴക്കമാണ് മടക്കയാത്രയിലെ വഴികളിലൂടനീളം കേള്‍ക്കുന്നത്. കണ്ഠമിടറി ഉയരുന്ന മുദ്രാവാക്യങ്ങള്‍ക്കും അകമഴിഞ്ഞ സ്‌നേഹ വായ്പുകള്‍ക്കുമിടയിലൂടെയാണ് വിലാപയാത്ര.