/kalakaumudi/media/media_files/2025/07/22/veli-2025-07-22-19-00-52.jpg)
തിരുവനന്തപുരം: ജീവിക്കുന്ന വി.എസ്സിനെക്കാള്‍ ഇരട്ടി ശക്തനായി ചേതനയറ്റ് എത്തുന്ന വിഎസ്സിനെയും കാത്തിരിക്കുകയാണ് ആലപ്പുഴ പുന്നപ്പറയിലെ വേലിക്കകത്തു വീട്. വിഎസ്സിന്റെ ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷിയായ വേലിക്കകത്ത് വീട്ടിലേക്കായിരുന്നു വിഭാഗീയത രൂക്ഷമായ ആലപ്പുഴ സംസ്ഥാനസമ്മേളത്തില്‍ നിന്നും ഇറങ്ങിപ്പോയത്. അത്രയേറെ വി എസ്സിന്റെ രാഷ്ട്രീയ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ വീട്ടിലേക്ക് വി.എസ്സ് എത്തുകയാണ്. വീട്ടില്‍ പന്തല്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
നാളെ രാവിലെ വരെ ഇവിടെയാണു പൊതുദര്‍ശനം. വിഎസ് എത്തുമ്പോഴൊക്കെ പരാതികളും പരിഭവങ്ങളുമായി ജനം എത്തിയിരുന്ന വേലിക്കകത്തു വീട്ടില്‍ പരാതികളില്ലാതെ, നിറകണ്ണുകളുമായി വലിയ ജനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്. പ്രാദേശിക നേതാക്കള്‍ വീട്ടിലെ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു. മുന്‍മന്ത്രി ജി സുധാകരന്‍, മന്ത്രി പി പ്രസാദ് അടക്കമുള്ളവര്‍ വേലിക്കകത്ത് വീട്ടില്‍ രാവിലെ മുതല്‍ എത്തിയിട്ടുണ്ട് വീട്ടിലേക്കു രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ എത്തുന്നതിനാല്‍ ഗതാഗതക്കുരുക്കുണ്ട്.
കൊല്ലം നഗരമൊഴികെ ബാക്കിയുള്ള കേന്ദ്രങ്ങളെല്ലാം നിര്‍മാണം നടക്കുന്ന ദേശീയപാതയില്‍ ആയതിനാല്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുവരെ പൊലീസ് കാര്യമായ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വിഎസിന് വലിയ പിന്തുണ നല്‍കിയ ജില്ലയായിരുന്നതിനാല്‍ വലിയ ജനക്കൂട്ടത്തെയാണ് കൊല്ലത്തു പ്രതീക്ഷിക്കുന്നത്.
നാളെ രാവിലെ 10 ന് ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് 4 മുതല്‍ പഴയ നടക്കാവ് റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. വിഎസിന്റെ ബന്ധുക്കള്‍ ഉച്ചയ്ക്ക് ഒന്നോടെ തിരുവനന്തപുരത്തു നിന്നു യാത്ര തിരിച്ചു. ഇവര്‍ വൈകിട്ട് അഞ്ചോടെ വീട്ടിലെത്തിയേക്കും. തിരുവമ്പാടിയില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ പി.കൃഷ്ണപിള്ള സ്മാരകത്തിലും ആലപ്പുഴ ബീച്ചിനു സമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നു. നാളെ രാവിലെ 9 മുതല്‍ പി.കൃഷ്ണപിള്ള സ്മാരകത്തിലും 11 മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടിലുമാണു പൊതുദര്‍ശനം. കഴിഞ്ഞ ദിവസത്തെ മഴയില്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വെള്ളക്കെട്ടുണ്ടായിരുന്നത് ഒഴിവാക്കാന്‍ രാവിലെ പമ്പിങ് നടത്തിയെങ്കിലും പൂര്‍ണ വിജയമായില്ല. ഗ്രൗണ്ടിനു സമീപത്തെ ഓടയിലേക്കു വെള്ളം ഒഴുക്കി വിടാനുള്ള ശ്രമം തുടരുന്നു.