/kalakaumudi/media/media_files/2025/07/21/v-s-13-2025-07-21-18-07-25.jpg)
സ്വന്തം കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തിയ വഴിത്തടത്തിലൂടെയാണ് വി.എസ്.അച്യുതാനന്ദന്‍ തന്റെ രാഷ്ട്രീയജീവിതം നടന്നുതീര്‍ത്തത്. അതിനെ കമ്യൂണിസ്റ്റ് പാരമ്പര്യവുമായി വിളക്കിച്ചേര്‍ക്കാന്‍ കഴിഞ്ഞിടത്ത് വി.എസിനെ ഒറ്റപ്പെടുത്താനുള്ള പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു. പാര്‍ട്ടിക്കുള്ളില്‍ വി.എസ് നടത്തിയ ആശയസമരങ്ങളുടെ ചരിത്രം സി.പി.എം എങ്ങനെയാവണം എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.
പി.കൃഷ്ണപിള്ളയില്‍ നിന്ന് ചെങ്കൊടിക്കൊപ്പം ചില പാരമ്പര്യമൂല്യങ്ങള്‍ കൂടി ഏറ്റുവാങ്ങിയാണ് വി.എസ്.അച്യുതാനന്ദന്‍ കമ്യൂണിസ്റ്റായത്. ആ മൂല്യങ്ങള്‍ക്ക് മുറിവേല്‍ക്കുന്നു എന്ന് തോന്നിയിടത്തെല്ലാം ബക്കറ്റില്‍ കോരിയെടുത്താലും ആര്‍ത്തലയ്ക്കുന്ന കലഹങ്ങളുടെ കടല്‍ത്തിരയായി വി.എസ്. പാര്‍ട്ടി തെറ്റെന്ന് വിധിയെഴുതിയ പലതും വി.എസിന് രാഷ്ട്രീയ ശരികളായത് അങ്ങനെയാണ്. അച്ചടക്കലംഘനമെന്ന് പാര്‍ട്ടിയും ഉത്തരവാദിത്തമെന്ന് വി.എസും കരുതിയ ആശയസമരങ്ങള്‍ ആ ജീവിതത്തില്‍ ഉടനീളമുണ്ടായിരുന്നു. ജയിലില്‍ കിടക്കവെ പണ്ട് സൈന്യത്തിന് രക്തം നല്‍കാന്‍ നടത്തിയ നീക്കം ഒരു തെറ്റായിരുന്നു എന്ന് പറഞ്ഞ നേതൃത്വത്തിന്റെ യുക്തികണ്ട് അമ്പരന്നിട്ടുണ്ട് വി.എസ്.
അന്ന് തരംതാഴ്ത്തിക്കൊണ്ടുള്ള വിധി ശിരസാവഹിച്ചപ്പോഴും തലകുനിച്ചില്ല. പക്ഷെ പി.ബി.യുടെ പടിവാതില്‍ക്കല്‍ കാത്തുനിര്‍ത്തി, ഒതുക്കപ്പെടുന്നു എന്ന തോന്നലിനെ നേതൃത്വം അടിവരചാര്‍ത്തി ബലപ്പെടുത്തിയത് കാല്‍നൂറ്റാണ്ടാണ്. അവഗണിക്കപ്പെടുന്നു എന്ന തിരിച്ചറിവില്‍ വി.എസ് പിന്നീട് നടത്തിയ ചെറുത്തുനില്‍പ്പിനെ വിഭാഗീയത എന്ന പേരില്‍ സി.പി.എം ചരിത്രം അടയാളപ്പെടുത്തി. കേരളത്തിലെ പാര്‍ട്ടി ഉള്ളംകയ്യിലായിരുന്ന കാലത്ത് ലെനിനിസ്റ്റ് കാര്‍ക്കശ്യത്തിന്റെ ആള്‍രൂപമായി.
എം.വി.രാഘവന്റെ ബദല്‍രേഖയെ പലപ്രബലരും പിന്നാമ്പുറത്ത് പുണര്‍ന്നപ്പോഴും പാര്‍ട്ടിയുടെ ഉമ്മറത്ത് വി.എസുയര്‍ത്തിയ നിലപാടിന്റെ ചെങ്കൊടി ചാഞ്ചാട്ടമില്ലാതെ പാറി. മാരാരിക്കുളത്തെ നെടുങ്കോട്ടപിളര്‍ന്ന് പുറത്തേക്കൊഴുകിയ പാര്‍ട്ടിവോട്ടുകളുടെ കയത്തില്‍ 96 ല്‍ താന്‍ മുങ്ങിത്താഴാന്‍ കാത്തിരുന്നവരെ അന്നേ തിരിച്ചറിഞ്ഞിരുന്നു വി.എസ്. ആ ചേരിയിലെ പലപ്രബലരുടെയും രാഷ്ട്രീയ ചരമോപചാരം കൂടിക്കഴിഞ്ഞാണ് പാലക്കാട്ടെ സമ്മേളനപ്പന്തല്‍ വി.എസ്. അഴിപ്പിച്ചത്. ചടയനുശേഷം ആരെന്ന ചോദ്യത്തിന് വിജയനെന്ന് വിളിച്ചുപറയാനും എ.കെ.ജി സെന്ററിലെ സെക്രട്ടറിക്കസേരയില്‍ അവരോധിക്കാനും ഒറ്റയ്ക്ക് ശേഷിയുള്ള മറ്റാരും അന്ന് സി.പി.എമ്മിലുണ്ടായിരുന്നില്ല. പാലക്കാട്ട് വിധാതാവായെങ്കില്‍ മലപ്പുറത്ത് ബലിമൃഗമായി. ഇടംവലം നിന്ന പലരും പുതിയ ഇടംതേടി, അല്ലെങ്കില്‍ ഇല്ലാതായി.
പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ അകലുന്നുവെന്നല്ല, പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകലുന്നു എന്നായിരുന്നു വി.എസിന്റെ ബോധ്യം. ആ ജനത ഒന്നല്ല, രണ്ടുതവണ നേതാവിനായി തെരുവിലിറങ്ങി. അവിടെയും പാര്‍ട്ടി തോറ്റു. നാടുഭരിച്ച അഞ്ചാണ്ടുകാലവും പാര്‍ട്ടിയിലെ ആശയസമരമുഖത്ത് തുടര്‍ന്നു. വിവാദമൂല, മാധ്യമസിന്‍ഡിക്കറ്റ്, ലാവലിന്‍ പുനരുദ്ധാനം.. അങ്ങനെ പലതും കേരളം കണ്ടു, കേട്ടു. ഇടയ്ക്ക് മുറിവേറ്റുവീണു, ഉണര്‍ന്നെണീറ്റു. ഒതുക്കിയിരുത്തിയവര്‍ ആനയും അമ്പാരിയുമായി ഓരോ തിരഞ്ഞെടുപ്പിലും ആനയിച്ചു. അവര്‍ തോറ്റപ്പോള്‍ സ്വയംമറന്നു ചിരിച്ചു. അച്ചടക്കനടപടിയുടെ മൂക്കുകയറില്‍ ആ നേരിന്റെ സമരവീര്യത്തെ അടക്കിനിര്‍ത്താമെന്ന് കരുതിയവര്‍ അതിന് ഒരുമ്പെടാന്‍ പോലുമാവാതെ പിന്നെയും തോറ്റുകൊണ്ടേയിരുന്നു. പാളയം ചാരക്കൂനയായിട്ടും പടനായകന്‍ മുന്നോട്ടുതന്നെ പോയി. വി.എസില്‍ അദ്ദേഹത്തെ മാത്രം കണ്ടവര്‍ക്ക് അതൊരു പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥ ആയിരുന്നു. വി.എസിനെ അടയാളപ്പെടുത്തിയ അളവുകോലാണ് പിഴച്ചത്.