/kalakaumudi/media/media_files/2025/07/22/azhi-2025-07-22-20-34-20.jpg)
തിരുവനന്തപുരം: സഖാക്കള്‍ക്കും ജനങ്ങള്‍ക്കും മാത്രമല്ല, സ്വന്തം കുടുംബാംഗങ്ങള്‍ക്കും എന്നും പ്രിയങ്കരനും കണ്ണിലുണ്ണിയുമായിരുന്നു വി.എസ്. കേരളത്തിന്റെ ജനകീയ വികാരം വിടപറഞ്ഞത് അറിയാതെ പറവൂര്‍ വെന്തലത്തറ വീട്ടില്‍ വി എസ്സിന്റെ സഹോദരി ആഴിക്കുട്ടിയുമുണ്ട്. ഏറെ നാളായി കിടപ്പിലായ ആഴിക്കുട്ടിയെ വിഎസിന്റെ മരണവാര്‍ത്ത ബന്ധുക്കള്‍ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ടിവിയില്‍ മരണവാര്‍ത്ത കാണിച്ചെങ്കിലും മുഖത്തു ഭാവഭേദമുണ്ടായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സമരസൂര്യന് കേരളം വിടനല്‍കുമ്പോള്‍ അണ്ണന്‍ യാത്രയായത് ആഴിക്കുട്ടി അറിഞ്ഞിട്ടില്ല, പുന്നപ്ര പറവൂര്‍ വെന്തലത്തറയിലെ കുടുംബവീട്ടില്‍ ഇനി ആഴിക്കുട്ടി മാത്രം.
വിഎസും സഹോദരങ്ങളായ ഗംഗാധരനും ആഴിക്കുട്ടിയും പുരുഷോത്തമനും പിറന്ന വീട്ടിലാണ് ആഴിക്കുട്ടി താമസിക്കുന്നത്. ഏതു തിരക്കിനിടയിലും തിരുവോണ നാളില്‍ കുടുംബസമേതം സദ്യ ഉണ്ണാന്‍ വേലിക്കകത്ത് വീട്ടിലെത്തിയിരുന്ന വിഎസ് ആഴിക്കുട്ടിക്ക് ഓണക്കോടി സമ്മാനിക്കുമായിരുന്നു. അസുഖം മൂലം വിഎസിന്റെ വരവ് മുടങ്ങിയെങ്കിലും കഴിഞ്ഞ ഓണത്തിനും ആഴിക്കുട്ടിക്ക് ഓണക്കോടി എത്തിച്ചുനല്‍കി.
അമ്മയും അച്ഛനും മരിച്ച ശേഷം ആഴിക്കുട്ടിക്ക് ആശ്രയം അണ്ണന്മാരായിരുന്നു. കിടപ്പിലാവുന്നതുവരെ ആഴിക്കുട്ടിക്ക് അണ്ണന്റെ വിശേഷങ്ങള്‍ എന്നുമറിയണമായിരുന്നു. പറവൂര്‍ കിഴക്ക് വെന്തലത്തറ കുടുംബ വീട്ടില്‍ മകള്‍ സുശീലയുടെ ഭര്‍ത്താവ് പരമേശ്വരനോടൊപ്പം കഴിയുന്ന ആഴിക്കുട്ടി എന്നും തിരുവനന്തപുരത്തേക്കു ഫോണില്‍ വിളിപ്പിക്കും. വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ വിവരങ്ങള്‍ അറിയിക്കും. വിഎസ് ആശുപത്രിയിലാണെന്ന് ആഴിക്കുട്ടിയെ അറിയിച്ചിരുന്നില്ല. . ഭര്‍ത്താവ് ഭാസ്‌കരന്‍ കയര്‍ ഫാക്ടറി തൊഴിലാളിയായിരുന്നു. മകള്‍ സുശീല 2013ല്‍ പനി ബാധിച്ചു മരിച്ചു. പരമേശ്വരന്‍ വീടിനോടു ചേര്‍ന്നു സ്റ്റേഷനറിക്കട നടത്തുകയാണ്. കിടപ്പിലായ ആഴിക്കുട്ടിയെ എഴുന്നേല്‍പിച്ചിരുത്തി ആഹാരം വാരിക്കൊടുക്കുന്നതു പരമേശ്വരനാണ്.