/kalakaumudi/media/media_files/2025/07/21/vs-2-2025-07-21-16-25-25.jpg)
അമ്മയ്ക്ക് രണ്ട് മക്കള്‍.ഇളയമകന് നാലു വയസ്. വസൂരിവന്ന് മരിക്കാറായി കിടക്കുകയാണ് അമ്മ. അവര്‍ക്ക് അവസാനമായി തന്റെ മക്കളെ കാണണം. അതനുസരിച്ച് മക്കളെ തോട്ടിന്‍കരയിലെത്തിച്ചു. അകലെയുള്ള ഓലക്കൂരയിലെ ഓലക്കീറിന്റെ പഴുതിലൂടെ ആ അമ്മ മക്കളെ കണ്ണീരോടെ കണ്ടു. എന്താണ് കാര്യമെന്നറിയില്ലെങ്കിലും മക്കള്‍ കരയുകയാണ്. ഓമനിച്ചു മതിവരാത്ത ആ അമ്മ മക്കളെ കൈകാട്ടി വിളിക്കുന്നത് നാലുവയസുകാരന്‍ കണ്ടു...
അങ്ങോട്ടു കുതിക്കാനുള്ള അവന്റെ ആഗ്രഹം മറ്റുള്ളവരുടെ പിടിയില്‍ അമര്‍ന്നു...ഇത് ഏതെങ്കിലും കഥയിലെയോ നോവലിലെയോ ഭാഗമല്ല. കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവിന്റെ ജീവിതത്തില്‍നിന്നുള്ള കണ്ണീരുണങ്ങാത്ത ഏടുകളാണ്. ആ നേതാവ് വി.എസ്. അച്യുതാനന്ദനാണ്.അന്ന് വസൂരി പേടിപ്പെടുത്തുന്ന രോഗമാണ്. അതു വന്നാല്‍, പിന്നെ മരണത്തിനു കീഴടങ്ങുകയേ വഴിയുള്ളൂ. അതുകൊണ്ട് രോഗിയെ ഒറ്റയ്ക്ക് മാറ്റിപ്പാര്‍പ്പിക്കും. അങ്ങനെ മാറ്റിപ്പാര്‍പ്പിച്ച അമ്മയ്ക്ക് മക്കളെ കാണണമെന്നു പറഞ്ഞപ്പോള്‍ ഞങ്ങളെ തോട്ടിന്‍കരയില്‍ കൊണ്ടുനിര്‍ത്തിയതൊക്കെ ഓര്‍മ്മയുണ്ട്...
ചെറ്റക്കീറിന്റെ വിടവിലൂടെ അമ്മ എന്നെ കൈകാട്ടി വിളിച്ചിരുന്നു എന്നു തോന്നുന്നു. അന്ന് അമ്മ മരിച്ചു...'ആ നാലുവയസുകാരനോടുള്ള വിധിയുടെ ക്രൂരത അവിടെ അവസാനിച്ചില്ല. അമ്മ അക്കമ്മയുടെ മരണശേഷം അച്ഛനും അമ്മയും ഒക്കെ അച്ഛന്‍ ശങ്കരനായിരുന്നു. പതിനൊന്നു വയസായതോടെ അച്ഛനും കടുത്ത രോഗത്തിന്റെ പിടിയിലായി. അധികം കഴിയുംമുമ്പ് അച്ഛനും അമ്മയുടെ ലോകത്തേക്കു പോയി.അച്ഛന്റെ രോഗം മാറണേ എന്നുപറഞ്ഞ് ഞാന്‍ പതിവായി പ്രാര്‍ഥിക്കുമായിരുന്നു. അറിയാവുന്ന എല്ലാ ദൈവങ്ങളോടും പ്രാര്‍ഥിച്ചു. വൈദ്യരുടെ അടുത്തുപോയി അച്ഛന് മരുന്നു വാങ്ങിച്ചിരുന്നതും ഞാനായിരുന്നു. പക്ഷെ, എന്തുകാര്യം? അച്ഛന്‍ മരിച്ചു. അതോടെ എന്റെ വിശ്വാസം നഷ്ടപ്പെട്ടു. പിന്നെ,ഞാന്‍ പ്രാര്‍ഥിച്ചിട്ടില്ല, ഒരു ദൈവത്തിനെയും വിളിച്ചുമില്ല. പിന്നീട് വലുതായി ശാസ്ത്ര പുസ്തകങ്ങള്‍ വായിച്ചപ്പോഴാണ് പ്രാര്‍ഥനയിലൊന്നും വലിയ കാര്യമില്ലെന്ന് മനസിലായത്.'- താന്‍ ഈശ്വരവിശ്വാസി അല്ലാതായത് സ്വന്തം ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വി.എസ് പറയും