വമ്പന്മാരുടെ ഉറക്കം കെടുത്തിയ സമരനായകന്‍

സമൂഹത്തിലെ നിസ്വവര്‍ഗമായ കര്‍ഷകത്തൊഴിലാളികള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വംകൊടുക്കാന്‍ കൃഷ്ണപിള്ളയുടെ നിര്‍ദേശം ശിരസ്സാവഹിക്കുകയാണ് വി.എസ്. ചെയ്തത്.

author-image
Biju
New Update
v s 6

ക്ഷോഭിക്കുന്ന യൗവനവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും വി.എസില്‍ക്കണ്ട കൃഷ്ണപിള്ള നാല്പതുകളുടെ ആദ്യം കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് നിയോഗിക്കുകയായിരുന്നു. കൊല്ലും കൊലയും പതിവാക്കിയിരുന്ന ജന്മികളും അവരുടെ ഗുണ്ടകളും സംഘടനാപ്രവര്‍ത്തനം ശാരീരികമായിത്തന്നെ ആക്രമിച്ചില്ലാതാക്കുന്ന കാലമായിരുന്നു.സമൂഹത്തിലെ നിസ്വവര്‍ഗമായ കര്‍ഷകത്തൊഴിലാളികള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വംകൊടുക്കാന്‍ കൃഷ്ണപിള്ളയുടെ നിര്‍ദേശം ശിരസ്സാവഹിക്കുകയാണ് വി.എസ്. ചെയ്തത്. ജോലിസമയം ക്ലിപ്തപ്പെടുത്താനും കൂലിവര്‍ധിപ്പിക്കാനും കടുത്തപോരാട്ടങ്ങള്‍ക്കൊടുവില്‍ സാധ്യമായി. കേരളത്തിലെ കര്‍ഷകത്തൊഴിലാളികളുടെ സമരോത്സുകമായ മുന്നേറ്റത്തിന് അത് വഴിവെക്കുകയും ചെയ്തു.അവിടെനിന്നു ലഭിച്ച അനുഭവങ്ങളും പാഠങ്ങളും പിന്നിട്ട 80 വര്‍ഷക്കാലം വി.എസിനെ നിലയ്ക്കാത്ത പോരാട്ടവീര്യത്തിന്റെ നിത്യയൗവനമാക്കി. അത് പൂര്‍ണമായി വിശദീകരിക്കുക ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. മുഖ്യമന്ത്രി എന്നനിലയില്‍, പ്രതിപക്ഷനേതാവ് എന്നനിലയില്‍ അതുല്യമായ ഒരുപാട് സവിശേഷതകള്‍ അദ്ദേഹം ജനമനസ്സുകളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. 

വി.എസ്. ഭരണത്തിലായിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും നിരന്തരമായ സമരത്തിലായിരുന്നു. വി.എസിന്റെ ജീവിതം മുഴുവന്‍ സമരതീക്ഷ്ണമാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ ജനകീയസമരമുഖങ്ങളിലെല്ലാം വി.എസ്. എത്തി. സമരങ്ങള്‍ക്ക് ഊര്‍ജംപകര്‍ന്നു. സ്വാതന്ത്ര്യസമരകാലത്ത് തുടങ്ങിയ ആ സമരങ്ങള്‍ കര്‍ഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളിലൂടെ, മിച്ചഭൂമി സമരങ്ങളിലൂടെ, പട്ടയസമരങ്ങളിലൂടെ, നഴ്‌സുമാരുടെ സമരങ്ങളിലൂടെ, കുടിയൊഴിപ്പിക്കലിനെതിരേയുള്ള സമരങ്ങളിലൂടെ, തൊഴിലാളി-സര്‍വീസ് മേഖലയിലെ സമരങ്ങളിലൂടെ ഇപ്പോഴും പ്രവഹിക്കുകയാണ്. എവിടെയും സമരം ചെയ്യുന്നവരുടെ പ്രതീക്ഷയും പ്രതീകവുമായി വി.എസ്. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും മുഖമാണ്, അന്നും ഇന്നും.കേരളത്തിലെ കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി അദ്ദേഹം നയിച്ച സമരങ്ങളാണ് ആദ്യം ശ്രദ്ധനേടിയത്. കര്‍ഷകര്‍ക്കുള്ള ഭൂവകാശം, പട്ടയം, ഭൂസമരങ്ങള്‍ എന്നിവയില്‍ വി.എസിന്റെ നേതൃത്വത്തില്‍നടത്തിയ പോരാട്ടങ്ങള്‍ ഈ വിഭാഗം ജനങ്ങളില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു. 1950-60 കാലഘട്ടങ്ങളിലെ ഭൂസമരങ്ങളില്‍ സജീവപങ്കാളിയായിരുന്നു.

വമ്പന്മാരുടെ ഉറക്കം കെടുത്തി

സമരവും ഭരണവും രചനാത്മകമായി കൂട്ടിയോജിപ്പിച്ചു. മുഖ്യമന്ത്രിയായിരിക്കുമ്പോഴും വര്‍ഗസമര കാഴ്ചപ്പാട് കൈവിടാതെ ജനങ്ങളെ ഒപ്പംനിര്‍ത്തി ഏറെ സമരങ്ങള്‍ക്ക് നേതൃത്വംകൊടുത്തു. അവയെല്ലാം വന്‍ ജനമുന്നേറ്റങ്ങളുമായി.അഴിമതിക്കെതിരായി തുറന്നതും നിരന്തരവുമായ പോരാട്ടം വി.എസിന്റെ സമരമുഖമായിരുന്നു. നിയമവേദികളെ ഉപയോഗിച്ച് നടത്തിയ സമരങ്ങള്‍ ഒട്ടേറെയാണ്. കെ. കരുണാകരന്‍, ആര്‍. ബാലകൃഷ്ണപിള്ള, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ അതിന്റെ പൊള്ളലേറ്റവരാണ്.

മികച്ച പ്രതിപക്ഷനേതാവ്

സര്‍ക്കാരുകളുടെ കണക്കുപറയാനുള്ള ബാധ്യത നിരന്തരം ഫലപ്രദമായി ചൂണ്ടിക്കാണിക്കുന്നത് പ്രതിപക്ഷനേതാവെന്നവിലയില്‍ വി.എസ്. വിജയകരമായി ഏറ്റെടുത്തിരുന്നു. മൂന്നുതവണയായി 14 വര്‍ഷക്കാലം അദ്ദേഹം പ്രതിപക്ഷനേതാവായി തുടരുകയും ചെയ്തു. 2011-16 കാലയളവ് ഏറെ ശ്രദ്ധനേടിയതാണ്.

വി.എസും അച്ചടക്കവും

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അച്ചടക്കം ഒരു പെരുമാറ്റസംഹിതയാണ്. അത് അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കമല്ല. സ്വമേധയാ ഉള്‍ക്കൊണ്ട് അംഗീകരിക്കുന്ന ഒന്നാണ്. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ലക്ഷ്യം സാധ്യമാക്കാന്‍ കെട്ടുറപ്പുള്ള സംഘടനവേണം. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ ഈ സംവിധാനത്തെ കൂടുതല്‍ ഊര്‍ജസ്വലമാക്കും. ഉള്‍പ്പാര്‍ട്ടി സമരങ്ങളെ തുടര്‍ച്ചയായി ഉപയോഗപ്പെടുത്തിക്കൊണ്ട് വി.എസ്. ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. സ്വന്തം നിലപാടിന്റെ പ്രകാശനത്തിന് പാര്‍ട്ടിക്ക് അംഗീകരിക്കാനാവാത്ത രീതികള്‍ ചിലപ്പോഴൊക്കെ വി.എസ്. സ്വീകരിച്ചിട്ടുണ്ട്. ഈ വ്യതിയാനം അച്ചടക്കനടപടി ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. പി.ബി. അംഗത്വം ഒഴിവാക്കുന്നതുവരെയുള്ള ഗൗരവമായ നടപടി പാര്‍ട്ടിക്ക് സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിലെല്ലാം വി.എസ്. അതിനോട് പൂര്‍ണമായി സഹകരിക്കുകയും തെറ്റ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. അത് രാജ്യത്തെ ഏറ്റവും ഉന്നതനായ കമ്യൂണിസ്റ്റ് നേതാവില്‍നിന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നതാണ്. അത് മാതൃകയായിരുന്നു.


സ്വതന്ത്ര സോഫ്റ്റ്വേര്‍ പ്രസ്ഥാനത്തിനു നല്‍കിയ പിന്തുണ

ഇന്ത്യയില്‍ സ്വതന്ത്ര സോഫ്റ്റ്വേര്‍ പ്രസ്ഥാനം ആരംഭിക്കുന്ന ഘട്ടത്തില്‍ത്തന്നെ വി.എസ്. അതിന്റെ രാഷ്ട്രീയപ്രാധാന്യം മനസ്സിലാക്കി. ആഗോള സോഫ്റ്റ്വേര്‍ മേഖലയിലെ കുത്തകവത്കരണത്തിനെതിരേ ആ മേഖലയിലെ തൊഴിലാളികളുടെ സമരരൂപമായിട്ടായിരുന്നു വി.എസ്. ആ പ്രസ്ഥാനത്തിനെ കണ്ടത്. എല്ലാ പിന്തുണയും നല്‍കി. മുന്നില്‍വരുന്ന ഒരു വിഷയത്തെ പ്രത്യയശാസ്ത്ര അടിത്തറയില്‍ മനസ്സിലാക്കുന്നതിനുള്ള വി.എസിന്റെ അപാരമായ വൈഭവമായിരുന്നു അത്. ഇത് കേരളത്തെ ഇന്ത്യയിലെത്തന്നെ സ്വതന്ത്ര സോഫ്റ്റ്വേര്‍ പ്രസ്ഥാനത്തിന്റെ ഒരു പ്രധാനകേന്ദ്രമാക്കി. 2006-2011 കാലഘട്ടത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ സ്വതന്ത്ര സോഫ്റ്റ്വേര്‍ പ്രസ്ഥാനത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

v s achuthanandan