/kalakaumudi/media/media_files/2025/07/21/v-s-10-2025-07-21-17-35-26.jpg)
വി.എസിന് തന്റെ വിദ്യാഭ്യാസം സ്‌കൂള്‍ തലത്തില്‍ ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലെ തൊഴിലാളി മുന്നേറ്റങ്ങളുടെ ഭാഗമായി അദ്ദേഹം മാറി. പുന്നപ്ര-വയലാര്‍ സമരം ഉള്‍പ്പെടെയുള്ള കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുമായി അദ്ദേഹത്തിന്റെ ജീവിതം ഇടകലര്‍ന്നു. രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ്. 1964-ല്‍ സി.പി.ഐയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സി.പി.എം. രൂപീകരിച്ച 32 നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അന്നു മുതല്‍ പ്രത്യയശാസ്ത്രപരമായി സ്വന്തം രീതികള്‍ ഉണ്ടെങ്കിലും ഉത്സാഹിയായ, അച്ചടക്കമുള്ള കമ്യൂണിസ്റ്റായി അദ്ദേഹം പാര്‍ട്ടിയില്‍ നിലകൊണ്ടു.
ആദ്യകാലത്ത് കേന്ദ്രത്തിലെ അധികാരികളില്‍നിന്നുള്‍പ്പെടെ വെല്ലുവിളികള്‍ ഉണ്ടായിട്ടും സാവധാനം, സ്ഥിരതയോടെ സി.പി.എം. വളര്‍ന്നു. പില്‍ക്കാലത്ത് കണ്ണൂരില്‍നിന്നുള്ള മുതിര്‍ന്ന നേതാവ് എം.വി. രാഘവന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ വ്യത്യസ്ത പാര്‍ട്ടിലൈന്‍ എന്ന ആശയം മുന്നോട്ടുവെച്ചു. ഇതിനെതിരേ ഇ.എം.എസ്. ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. ഒടുവില്‍ ഇത് എം.വി. രാഘവന്റെ പുറത്താകലില്‍ കലാശിക്കുകയും ചെയ്തു. ഇ.എം.എസിനെതിരെയും പിന്നീട് എതിര്‍പ്പുകള്‍ ഉയര്‍ന്നു. അന്നത്തെ സി.പി.എം. ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ പിന്തുണയില്‍ സംസ്ഥാനത്തെ പല നേതാക്കളും ഇ.എം.എസിനെതിരേ അണിനിരന്നു. കേരളത്തില്‍ സി.പി.എം. നേതൃത്വത്തിലേക്ക് വി.എസ്. കടന്നുവരുന്നത് ഈ സാഹചര്യത്തിലാണ്. വി.എസിന്റേത് ഒരു ഒറ്റയാന്‍ ശൈലിയായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായൊരു ഗ്രൂപ്പുണ്ടാക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല.
അദ്ദേഹത്തെ പിന്തുണച്ച പല നേതാക്കളും ഇതോടെ അദ്ദേഹത്തെ ഉപേക്ഷിച്ചു. പാര്‍ട്ടിയുടെ അമൂല്യ സ്വത്താണെന്ന വിശേഷണത്തതില്‍ വി.എസിന് തൃപ്തനാവേണ്ടിയും വന്നു.വി.എസ്. മികച്ച പ്രചാരകനാണെന്നത് എല്ലാവരും അംഗീകരിച്ച കാര്യമാണ്. അദ്ദേഹത്തിന്റെ ജനകീയതയും പ്രസംഗ ശൈലിയും അനന്യമാണ്. അഴിമതിക്കാരെയും അസാ•ാര്‍ഗ്ഗികളെയും വി.എസ്സിന്റെ ചാട്ടുളി വാക്കുകള്‍ ഒരിക്കലും വെറുതെ വിട്ടില്ല. ക്ലാസിക്കല്‍ ശൈലിയില്‍ സംഗീത രാഗവിസ്താരങ്ങള്‍ നടത്തുന്നതുപോലെ എതിരാളികളെ കൃത്യമായി ലക്ഷ്യമിടുന്ന പ്രയോഗങ്ങളാണ് വി.എസ്സിന്റെ പ്രസംഗം വ്യത്യസ്തമാക്കുന്നത്. വി.എസ്സിന്റെ പ്രചാരണ മികവിന്റെ ഫലം അനുഭവിക്കാനായത് പാര്‍ട്ടിക്കുള്ളിലുള്ള അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ക്കാണ്.
അഴിമതി, അധാര്‍മിക പ്രവര്‍ത്തനം, ഭരണപരാജയം, അധികാര ദുര്‍വിനിയോഗം എന്നിവയ്‌ക്കെതിരെയുള്ള ആക്രമണങ്ങളില്‍ നിന്നും വി.എസ്. ആരെയും ഒഴിവാക്കിയില്ല. ചില കേസുകള്‍ ഇപ്പോഴും തുടരുകയാണ്. പലരും വിട്ടുവീഴ്ചയില്ലാത്ത ശത്രുക്കളായി മാറി. എല്ലാ തരത്തിലുമുള്ള രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഒറ്റപ്പെട്ടെങ്കിലും അത് വി.എസിന്റെ ജനപ്രീതിയെ ബാധിച്ചില്ല. സമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ പ്രാസംഗികരില്‍ ഒരാളായി അദ്ദേഹം തുടര്‍ന്നു, ജനങ്ങള്‍ അദ്ദേഹത്തെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം വീടിന് പുറത്തേക്കുള്ള സഞ്ചാരം തടസ്സപ്പെട്ടെങ്കിലും ആരേയും അമ്പരിപ്പിക്കുന്ന തരത്തിലുള്ള വി.എസ്സിന്റെ പ്രസംഗങ്ങളും രാഷ്ട്രീയ ആക്രമണങ്ങളും ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ പുതുമയോടെ നിലനില്‍ക്കുന്നു.