/kalakaumudi/media/media_files/2025/07/23/re-2025-07-23-19-48-21.jpg)
ആലപ്പുഴ : പ്രിയ സഖാവിന്റെ അവസാനയാത്രയ്ക്ക് അന്ത്യാഭിവാദ്യമര്‍പ്പിച്ച് ആലപ്പുഴ. വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിനായി ആലപ്പുഴ കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലെത്തിച്ചു. പാര്‍ടി ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദര്‍ശനത്തിനു ശേഷമാണ് മൃതദേഹം ഗ്രൗണ്ടിലേക്ക് എത്തിച്ചത്.
പതിനായിരങ്ങളാണ് ഇതിനകം വി എസിനെ കാണാനായി ഗ്രൗണ്ടിലെത്തിയത്. ആലപ്പുഴയിലെ വഴികളിലെല്ലാം വി എസിനെ കാണാനെത്തിയ ജനങ്ങള്‍ നിറഞ്ഞു. മുഖ്യമന്ത്രിയും പാര്‍ട്ടി കേന്ദ്ര- സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കള്‍, മത സാമൂഹ്യ നേതാക്കള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവരും ഗ്രൗണ്ടിലുണ്ട്. മഴയത്തും നിലയ്ക്കാത്ത ജനപ്രവാഹമാണ് വി എസിനെ കാണാന്‍.
പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന പൊതുദര്‍ശനത്തില്‍ വിവിധ രാഷ്ട്രീയ - സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍ വി എസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. പതിനായിരങ്ങളാണ് ഇവിടെ പ്രിയ നേതാവിനെ അവസാനമായി കാണാനെത്തിയത്. ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും തിരുവമ്പാടി ജങ്ഷന്‍, ജനറല്‍ ആശുപത്രി ജങ്ഷന്‍, കലക്ടറേറ്റ് ജങ്ഷന്‍, ആലപ്പുഴ ബീച്ച് വഴിയാണ് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ എത്തിയത്. ഗ്രൗണ്ടിലെ പൊതുദര്‍ശനത്തിനു ശേഷം തിരുവമ്പാടി ജങ്ഷന്‍വഴി മൃതദേഹം വിലാപയാത്രയായി വൈകിട്ട് പോരാളികളുറങ്ങുന്ന വലിയ ചുടുകാട്ടില്‍ എത്തിക്കും. ഇവിടങ്ങളില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ ഏഴോടെയാണ് വി എസിന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലേക്ക് പ്രവേശിച്ചത്.