/kalakaumudi/media/media_files/2025/07/21/v-s-11-2025-07-21-17-44-14.jpg)
ആലപ്പുഴ ജില്ലയിലെ പുന്നപ്ര പഞ്ചായത്തില്‍ വെന്തലത്തറ ശങ്കരന്‍ അച്യുതാനന്ദനായി 1923 ഒക്ടോബര്‍ 20 ന് ജനിച്ച്, വേലിക്കകത്ത് അച്യുതാനന്ദനായി വളര്‍ന്ന്, പിന്നീട് വി.എസ് അച്യുതാനന്ദനായി മാറുകയും, ഒടുവില്‍ വി.എസ് എന്ന രണ്ടക്ഷരത്തിന്റെ മാന്ത്രികതയില്‍ മലയാളികളുടെയാകെ ഹൃദയത്തില്‍ കുടിയേറി ചിരപ്രതിഷ്ഠ നേടുകയും ചെയ്ത ചരിത്രമാണ് അദ്ദേഹത്തിന്റേത്. ആ ചരിത്ര മുന്നേറ്റത്തിന്റെ അനിതരസാധാരണത്വം ഇപ്പോഴും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.
സമരധന്യമായ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിന്റെ കനലും കണ്ണീരും നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ച മറ്റൊരു നേതാവ് സമീപകാലചരിത്രത്തിലുണ്ടോയെന്ന് സംശയമാണ്. ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുവേണ്ടി പുന്നപ്ര പറവൂര്‍ ജംഗ്ഷനിലെ ജ്യേഷ്ഠന്‍ ഗംഗാധരന്റെ തയ്യല്‍ക്കടയിലെ സഹായിയായി കൂടി. സമീപമുള്ള കയര്‍ഫാക്ടറി തൊഴിലാളികളുടെ സന്ദര്‍ശന കേന്ദ്രമായിരുന്നു ഈ തയ്യല്‍ക്കട. അവിടെ വരുന്ന തൊഴിലാളികള്‍ കയര്‍ത്തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചും നാട്ടിലെ സംഭവവികാസങ്ങളെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നതില്‍ ബാലനായ അച്യുതാനന്ദന്റെ കണ്ണും കാതും ഉടക്കി. ഇതാണ് അദ്ദേഹത്തെ ആസ്പിന്‍വാള്‍ കയര്‍ ഫാക്ടറി തൊഴിലാളിയിയായി എത്തിച്ചത്. ആസ്പിന്‍വാളിലെ ജോലിക്കിടയില്‍ പി. കൃഷ്ണപിള്ള അവിടെ എത്തിയതും പി.കൃഷ്ണപിള്ളയുമായുള്ള കൂടിക്കാഴ്ചകളും യൗവ്വനത്തിലേക്ക് പദമൂന്നിക്കൊണ്ടിരുന്ന അച്ചുതാനന്ദന്റെ ജീവിതത്തെയാകെ മാറ്റി മറിച്ചു.
1943 ആയപ്പോള്‍ തിരുവിതാംകൂര്‍ കര്‍ഷക തൊഴിലാളി യൂണിയന്‍ സ്ഥാപിക്കപ്പെട്ടു. കര്‍ഷക തൊഴിലാളി ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഇത്. സംഘടന പിന്നീട് കേരളാ സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയനായും അഖിലേന്ത്യാകര്‍ഷക തൊഴിലാളി യൂണിയനായും വളര്‍ന്നു.പിന്നീട് ചെത്തുതൊഴിലാളി യൂണിയന്‍, മത്സ്യ തൊഴിലാളി യൂണിയന്‍, കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ എന്നിവയുടെയെല്ലാം സംഘാടകനും പ്രക്ഷോഭകനുമായി മാറി. കയര്‍ ഫാക്ടറി തൊഴിലാളി സമരം ഒടുവില്‍ പുന്നപ്ര വയലാര്‍ സമരമായി ഇതിഹാസം രചിച്ചു.