/kalakaumudi/media/media_files/2025/07/23/vs-site-2025-07-23-21-28-14.jpg)
ആലപ്പുഴ: തീപടര്‍ത്തിയ മുദ്രാവാക്യങ്ങള്‍ക്ക് നടുവില്‍ പെരുമഴയെ തോല്‍പ്പിച്ച്, തിമിര്‍ത്ത് പെയ്ത ജനക്കൂട്ടത്തെ സാക്ഷിയാക്കി പുന്നപ്രയുടെ സമരനായകന്‍ തന്റെ പ്രിയസഖാകള്‍ക്കൊപ്പം ചേര്‍ന്നു. പുന്നപ്ര സഖാക്കള്‍ ഉറങ്ങുന്ന വിപ്ലവ വീര്യം അലയടിക്കുന്ന മണ്ണില്‍, പുന്നപ്ര വയലാര്‍ ചുടുകാട്ടില്‍ വിഎസ് അച്യുതാനന്ദന്‍ എന്ന വിപ്ലവ സൂര്യന് അന്ത്യവിശ്രമമൊരുങ്ങി.
വലിയ ചുടുകാട്ടിലെ പ്രത്യേകം തയാറാക്കിയ ചിതയിലേക്ക് രാത്രി 9.16ന് മകന്‍ വി.എ.അരുണ്‍ കുമാര്‍ അഗ്‌നിപകര്‍ന്നു. വിഎസിനൊപ്പം പ്രവര്‍ത്തിച്ചവര്‍ വിഎസിന്റെ പ്രിയ സഖാക്കള്‍ ആ കാഴ്ചയ്ക്ക് സാക്ഷിയായി. ഒരു നൂറ്റാണ്ട് നീണ്ട ജീവിതം, അതില്‍ എട്ട് പതിറ്റാണ്ട് പിന്നിട്ട പൊതുപ്രവര്‍ത്തനം, അതിലേറെയും പോരാട്ടം.
അതിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ വിപ്ലവ തീപൊരി പകര്‍ന്ന വിഎസ് ഇനി പുന്നപ്രയിലെ ജ്വലിക്കുന്ന ഓര്‍മ. എല്ലാവര്‍ഷവും സഖാക്കള്‍ക്ക് ദീപശിഖ കൈമാറിയിരുന്ന വിഎസ്, ഇനി പുന്നപ്ര വയലാറിന്റെ വിപ്ലവ ദീപമായി പിന്‍തലമുറകള്‍ക്ക് വീര്യം പകരും.
പോരാട്ട പെരുമഴയായി കേരളത്തില്‍ ആകെ പെയ്ത് തോര്‍ന്ന് വിഎസ് മടങ്ങുമ്പോള്‍, പ്രതീകാത്മകമായി പെരുമഴ സൃഷ്ടിച്ച് പ്രകൃതിയും അന്ത്യയാത്രക്ക് യാത്രാ മൊഴിയേകി. വിപ്ലവ വീര്യം പകര്‍ന്ന മുദ്രാവാക്യം നിറഞ്ഞ അന്തരീക്ഷത്തില്‍ മറ്റൊരു മുദ്രാവാക്യമായി മാറി പെരുമഴയിരമ്പം. ഒരു പക്ഷേ ആ മണ്ണില്‍ വീഴാതെ തടിച്ചുകൂടിയ ജനക്കൂട്ടം ആ മഴയെ ആവേശത്താല്‍ തോല്‍പ്പിച്ചു.