'രാജേന്ദ്രനെ കൈകാര്യം ചെയ്യണം, മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുത്': എം എം മണി

രാജേന്ദ്രന്‍ ചത്തു പോയാല്‍ ഭാര്യക്ക് പെന്‍ഷന്‍ കിട്ടും. ജനിച്ചപ്പോള്‍ മുതല്‍ എംഎല്‍എ ആക്കി ചുമക്കാനുള്ള ബാധ്യത പാര്‍ട്ടിക്ക് ഇല്ല. പാര്‍ട്ടിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുത്ത് വെല്ലുവിളിച്ചാല്‍ എം.എം. മണി ആണെങ്കിലും തല്ലിക്കൊല്ലണം'' എം.എം. മണി പറഞ്ഞു

author-image
Biju
New Update
MANI2

ഇടുക്കി: ബിജെപിയില്‍ ചേര്‍ന്ന സിപിഎമ്മിന്റെ ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ ഭീഷണിയുമായി മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. രാജേന്ദ്രനെ സഖാക്കള്‍ കൈകാര്യം ചെയ്യണമെന്നാണ് മണിയുടെ പ്രസംഗം. പണ്ട് ചെയ്യാന്‍ മടിച്ചതൊന്നും ഞങ്ങളെക്കൊണ്ട് ചെയ്യിപ്പിക്കരുതെന്നും എം.എം. മണി പ്രസംഗത്തില്‍ പറയുന്നു. 

'പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ എന്ത് ചെയ്യണമെന്ന് എന്റെ ഭാഷയില്‍ പറഞ്ഞാല്‍...' എന്നു പറഞ്ഞശേഷം തീര്‍ത്തുകളയണം എന്ന രീതിയില്‍ കൈക്കൊണ്ടുള്ള ആംഗ്യം മണി കാണിച്ചു. മൂന്നാറില്‍ നടന്ന പൊതുയോഗത്തിലാണ് മണിയുടെ വിവാദ പരാമര്‍ശം. 

''ക്ഷമിച്ചു നില്‍ക്കുന്നതാണ്. ആര്‍എസ്എസിലോ ബിജെപിയിലോ എവിടെ ചേര്‍ന്നാലും സിപിഎമ്മിന് ഒന്നുമില്ല. ഉണ്ട ചോറിനു നന്ദി കാണിക്കണം. രാജേന്ദ്രനും ഭാര്യക്കും ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ മേടിച്ച് കഴിയാം. രാജേന്ദ്രന്‍ ചത്തു പോയാല്‍ ഭാര്യക്ക് പെന്‍ഷന്‍ കിട്ടും. ജനിച്ചപ്പോള്‍ മുതല്‍ എംഎല്‍എ ആക്കി ചുമക്കാനുള്ള ബാധ്യത പാര്‍ട്ടിക്ക് ഇല്ല. പാര്‍ട്ടിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ നേടിയെടുത്ത് വെല്ലുവിളിച്ചാല്‍ എം.എം. മണി ആണെങ്കിലും തല്ലിക്കൊല്ലണം''  എം.എം. മണി പറഞ്ഞു.