ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബു അറസ്റ്റില്‍, വൈകിട്ട് കോടതിയില്‍ ഹാജരാക്കും

ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി എന്നാണ് മുരാരി ബാബുവിന് എതിരായ കുറ്റം

author-image
Biju
New Update
murari babu

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇന്നലെ രാത്രി കസ്റ്റഡിയില്‍ എടുത്ത ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശേഷം കേസില്‍ അറസ്റ്റാലാകുന്ന രണ്ടാമത്തെയാളാണ് മുരാരി ബാബു. അദ്ദേഹത്തെ വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ രാത്രി 10ന് പെരുന്നയിലെ വീട്ടിലെത്തിയതാണ് മുരാരി ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളി കടത്തിയ കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. ചോദ്യം ചെയ്യലിനായി മുരാരി ബാബുവിനെ തിരുവനന്തപുരത്ത് എത്തിച്ചു.

മുരാരി ബാബുവിനെ ചോദ്യം ചെയ്താല്‍ കൂടുതല്‍ സുപ്രധാനമായ വിവരങ്ങള്‍ കിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ദേവസ്വത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ബോര്‍ഡിന്റെ ഏറ്റവും ശക്തനായ ഉദ്യോഗസ്ഥരില്‍ ഒരാളാണ് നിലവില്‍ കസ്റ്റഡിയില്‍ ആയിരിക്കുന്നത്. 

തൊണ്ടി മുതല്‍ കണ്ടെത്തുന്നതിനൊപ്പം ഗൂഢാലോചന പുറത്തു കൊണ്ടുവരികയും ചെയ്യുക എന്നതാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. മുരാരി ബാബുവിന്റെ റോള്‍ എന്താണ്, ആര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിച്ചത് എന്നിവയെല്ലാം അന്വേഷണ സംഘത്തിന് അറിയണം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയേയും ബാബുവിനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്‌തേക്കും. 

ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തി എന്നാണ് മുരാരി ബാബുവിന് എതിരായ കുറ്റം. 

ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാന്‍ നല്‍കിയതെന്നായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം. ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയില്‍ പങ്കില്ലെന്നാണ് മുരാരി ബാബു ആവര്‍ത്തിച്ചിരുന്നത്. 

മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണറും വിവാദകാലത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബു പറഞ്ഞിരുന്നു. 

താന്‍ നല്‍കിയത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ്. പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കുന്നത് തനിക്ക് മുകളില്‍ ഉള്ളവരാണ്. ദ്വാരപാലകരിലും കട്ടിളയിലും നേരിയ തോതിലാണ് സ്വര്‍ണം പൂശിയത്. അതുകൊണ്ടാണ് ചെമ്പ് തെളിഞ്ഞതെന്നും മുരാരി ബാബു പറഞ്ഞിട്ടുണ്ട്.

Sabarimala