ഐ.ടി കമ്പനി മേധാവിയെ ഭീഷണിപ്പെടുത്തി 30കോടി തട്ടാൻശ്രമം: മുൻ ജീവനക്കാരിയും ഭർ‌ത്താവും അറസ്റ്റിൽ

ഇൻഫോപാർക്കിലെ ഐ.ടി സ്ഥാപന ഉടമയെ പീഡ‌നക്കേസിൽ അകപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30കോടിരൂപ തട്ടിയെടുക്കാൻ ശ്രമിച്ച കമ്പനി മുൻ ജീവനക്കാരിയും ഭർത്താവും അറസ്റ്റിൽ.

author-image
Shyam Kopparambil
New Update
1

 

കൊച്ചി: ഇൻഫോപാർക്കിലെ ഐ.ടി സ്ഥാപന ഉടമയെ പീഡ‌നക്കേസിൽ അകപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 30കോടിരൂപ തട്ടിയെടുക്കാൻ ശ്രമിച്ച കമ്പനി മുൻ ജീവനക്കാരിയും ഭർത്താവും അറസ്റ്റിൽ. തൃശൂർ തിരുവമ്പാടി സ്വദേശി ശ്വേതാബാബുവും ഭർത്താവ് ചാവക്കാട് വളപ്പാട് സ്വദേശി കൃഷ്ണരാജുമാണ് എറണാകുളം സെൻട്രൽപൊലീസിന്റെ പിടിയിലായത്. ഉടമയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ വിദഗ്ദ്ധ നീക്കത്തിലാണ് 20 കോടി രൂപയുടെ ചെക്കുമായി ഇരുവരും പിടിയിലായത്.

ഐ.ടി സ്ഥാപനത്തിൽനിന്ന് ശ്വേത രാജിവച്ചിരുന്നു. തുടർന്നാണ് പണംതട്ടാൻ കൃഷ്ണരാജുമായി ചേർന്ന് പദ്ധതി ആസൂത്രണം ചെയ്തത്. സ്ഥാപനമേധാവിയുമായി തനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്നും പീഡനക്കേസിൽ കുടുക്കുമെന്നുമായിരുന്നു ഭീഷണി. ജൂലായ് 23ന് രാത്രി മറൈൻഡ്രൈവിലെ ആഡംബരഹോട്ടലിലേക്ക് ഐ.ടി സ്ഥാപനത്തിലെ ഡയറക്ടറെയും രണ്ട് ജീവനക്കാരെയും വിളിച്ചുവരുത്തി 30കോടിരൂപ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടു. മുഴുവൻ തുകയും നൽകുന്നതുവരെ സ്ഥാപനഉടമ ചെക്കുംകരാറും ഒപ്പിട്ടുനൽകണമെന്നും 10കോടിരൂപ കൃഷ്ണരാജിന്റെ അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു. ബാക്കി തുക 10 കോടി രൂപയുടെ രണ്ട് ചെക്കുകളായി നൽകണം. വഴങ്ങിയില്ലെങ്കിൽ ലൈംഗിക അപവാദത്തിൽ കുരുങ്ങി കമ്പനിക്ക് കോടികളുടെ നഷ്ടമുണ്ടാകും എന്നായിരുന്നു ഭീഷണി.

ഇതേത്തു‌‌ടർന്ന് 28ന് ഐ.ടിഉടമ 50,000 രൂപ കൃഷ്ണരാജിന്റെ അക്കൗണ്ടിലേക്ക് അയച്ചശേഷം സെൻട്രൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ കമ്പനി ഡയറക്ടർ 20 കോടിയുടെ ചെക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. സെൻട്രൽ സി.ഐ അനീഷ് ജോയി, എസ്.ഐമാരായ സി. അനൂപ്, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

kochi