ഡോ. ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

സിപിഐ നേതാവ് എം. എന്‍. ഗോവിന്ദന്‍നായര്‍ മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. ജെ. ചിത്തരഞ്ജന്‍, വി. വി. രാഘവന്‍, വി. കെ. രാജന്‍, കൃഷ്ണന്‍ കണിയാമ്പറമ്പില്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ മന്ത്രിമാരായപ്പോഴും പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു

author-image
Biju
New Update
DR

തിരുവനന്തപുരം:  കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ ജനറല്‍ സെക്രട്ടറിയും ശാസ്ത്രകേരളം എഡിറ്ററും ആയിരുന്ന ഡോ. ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. പ്രഭാത് ബുക്ക്‌സിന്റെ എഡിറ്റര്‍ ആയിരുന്നു. ആരോഗ്യവിജ്ഞാനകോശവും ബാലവിജ്ഞാനകോശവും എഡിറ്റ് ചെയ്തിട്ടുണ്ട്. 

സിപിഐ നേതാവ് എം. എന്‍. ഗോവിന്ദന്‍നായര്‍ മന്ത്രിയായിരിക്കെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. ജെ. ചിത്തരഞ്ജന്‍, വി. വി. രാഘവന്‍, വി. കെ. രാജന്‍, കൃഷ്ണന്‍ കണിയാമ്പറമ്പില്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ മന്ത്രിമാരായപ്പോഴും പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമായിരുന്നു.

ഡോ. ആര്‍ ഗോപാലകൃഷ്ണന്‍ നായരെക്കുറിച്ച് ബൈജു ചന്ദ്രന്‍ എഴുതിയ കുറിപ്പ്

സംഭവ ബഹുലമായ ഒരു രാഷ്ടീയകാലഘട്ട ത്തിന്റെ നേര്‍സാക്ഷിയായിരുന്ന ഡോ. ആര്‍ ഗോപാലകൃഷ്ണന്‍ നായര്‍ വിടവാങ്ങി.1950 കളില്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ പ്രവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് വന്ന ഗോപാലകൃഷ്ണന്‍ നായര്‍ സാര്‍ 1971 -- 77 കാലഘട്ടത്തില്‍ എം എന്‍ ഗോവിന്ദന്‍ നായര്‍ വിദ്യുച്ഛക്തി - ഗതാഗത - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.
പ്രൈവറ്റ് സെക്രട്ടറി എന്നതിലുപരി എമ്മെന്റെ മനസ്സ് കണ്ടറിഞ്ഞു എല്ലാ സുഖദുഃഖങ്ങളിലും ഒപ്പം നിന്ന  ഒരാള്‍ എന്നുവേണം പറയാന്‍.
   പിന്നീട് ജെ ചിത്തരഞ്ജന്‍. വി വി രാഘവന്‍,വി കെ രാജന്‍,കൃഷ്ണന്‍ കണിയാമ്പറമ്പില്‍, മുല്ലക്കര രത്‌നാകരന്‍ തുടങ്ങിയ കമ്മ്യൂണിസ്റ്റ് മന്ത്രിമാരുടെയൊക്കെ ഒപ്പമുണ്ടായിരുന്നു. കെല്‍ട്രോണില്‍ പി ആര്‍ ഓ ഉള്‍പ്പെടെയുള്ള   ഉന്നത പദവികളിലും പ്രവര്‍ത്തിച്ചു.ആരോഗ്യ വിജ്ഞാന കോശവും ബാലവിജ്ഞാന കോശവുമൊക്കെ എഡിറ്റു ചെയ്തു. കൃഷിയെ സംബന്ധിച്ച് ധാരാളം എഴുതി.
 അച്ഛന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളായ അദ്ദേഹത്തെ എന്റെ കുട്ടിക്കാലം തൊട്ട് കാണുകയാണ്.ദൂരദര്‍ശന്റെ തുടക്കകാലത്ത് പല ചര്‍ച്ചകളുടെയും അവതാരകനും പാനലിസ്റ്റുമായി പങ്കെടുപ്പിക്കാന്‍ സാധിച്ചു.ഈയടുത്ത കാലത്ത് സാര്‍ പലപ്പോഴും ഇങ്ങോട്ട് വിളിച്ച് വിശേഷങ്ങള്‍ തിരക്കിയിരുന്നു. കോവിഡ് കാലത്തിനു ശേഷം വീട്ടില്‍ ചെന്നു നേരിട്ടു കാണാന്‍ വേണ്ടി ശ്രമിക്കുമ്പോഴെല്ലാം 'ഞാന്‍ വിളിച്ചിട്ടുവന്നാല്‍ മതി' എന്ന് പറയും. അതൊരിക്കലും നടന്നില്ല. എമ്മെനെക്കുറിച്ചുള്ള പുസ്തകം എഴുതുന്നതിനുവേണ്ടി ചെന്നുകാണാനായി ഞാനും അജയനും (Mg Radhakrishnan ) ജീവനു( എം എന്‍ രാമചന്ദ്രന്‍ നായരുടെ മകന്‍ ജീവകുമാര്‍) മൊക്കെ വിളിക്കാറുള്ളപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിരം മറുപടി. 
ആത്മകഥയും എമ്മെനെക്കുറിച്ച് അദ്ദേഹം എഴുതിയ കുറിപ്പുകളുമൊക്കെവായിക്കാനായി കാത്തിരിക്കുന്നു. 1950 കളുടെ തുടക്കത്തില്‍ വിശ്വകേരളം വാരികയില്‍ ആര്‍ 'ഗോപാലകൃഷ്ണന്‍ നായര്‍, തമ്പാനൂര്‍' എഴുതിയ ചില കഥകള്‍ കാണാനിട വന്നത് ഈയടുത്ത ഒരു ദിവസമാണ്.അതിനെക്കുറിച്ച് പറയണമെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമല്ലെങ്കിലും ഈ വാര്‍ത്തയറിയുന്നത്.